ന്യൂഡൽഹി: ലോകകപ്പിനുശേഷം ട്വന്റി20 നായകനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോഹ്ലി വ്യക്തമാക്കിയപ്പോൾ ബി.സി.സി.ഐ ഭാരവാഹികൾക്കും സെലക്ടർമാർക്കും അമ്പരപ്പാണുണ്ടായതെന്നും ക്യാപ്റ്റൻ സ്ഥാനത്ത് തുടരണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതായും ചീഫ് സെലക്ടർ ചേതൻ ശർമ.
ട്വന്റി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള കോഹ്ലിയുടെ തീരുമാനം ഇന്ത്യയുടെ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ ലോകകപ്പിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്നും സെലക്ടർമാർ അഭിപ്രായപ്പെട്ടെങ്കിലും കോഹ്ലി വഴങ്ങാതിരുന്നതോടെ അദ്ദേഹത്തിന്റെ തീരുമാനം മാനിക്കുകയായിരുന്നുവെന്ന് ശർമ കൂട്ടിച്ചേർത്തു. 'കോഹ്ലി തീരുമാനം അറിയിച്ച യോഗത്തിൽ എല്ലാവരുമുണ്ടായിരുന്നു. അവരെല്ലാം കോഹ്ലിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചു. ആ വാർത്ത കേട്ടാൽ ആരാണ് അത് ചെയ്യാതിരിക്കുക. നമുക്ക് ലോകകപ്പ് കഴിഞ്ഞ് സംസാരിക്കാം.
ഇപ്പോൾ താങ്കൾ തുടരണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. പക്ഷേ കോഹ്ലിക്ക് അദ്ദേഹത്തിന്റെതായ തീരുമാനം ഉണ്ടായിരുന്നു. അദ്ദേഹം അതിൽ ഉറച്ചുനിന്നതോടെ ഞങ്ങൾക്ക് അംഗീകരിക്കേണ്ടിവന്നു' -ശർമ വ്യക്തമാക്കി. ട്വന്റി20 നായകസ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നതായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞപ്പോൾ കോഹ്ലി നിഷേധിച്ചിരുന്നു. ചേതൻ ശർമയുടെ വെളിപ്പെടുത്തലോടെ കോഹ്ലി പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.