ദുബൈ: ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തോടെ ട്വന്‍റി20ലോകകപ്പിന്‍റെ സൂപ്പർ 12 ഘട്ടത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. കരുത്തരായ അയർലൻഡിനെ അട്ടിമറിച്ച് കുഞ്ഞൻമാരായ നമീബിയ കഴിഞ്ഞ ദിവസം സൂപ്പർ 12ലേക്ക് മുന്നേറിയിരുന്നു.
പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് 'എ'യിലെ രണ്ടാം സ്ഥാനക്കാരായ നമീബിയ ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ ഗ്രൂപ്പ് 'ബി' ജേതാക്കളായ സ്കോട്ലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് സൂപ്പർ 12ൽ കളിക്കേണ്ടത്. ഗ്രൂപ്പ് 'എ' ജേതാക്കളായ ശ്രീലങ്കയും ഗ്രൂപ് 'ബി' രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശും ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നീ കരുത്തൻമാരോടാണ് മാറ്റുരക്കേണ്ടത്.
ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലെത്തും.
ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്
ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ, നമീബിയ, സ്കോട്ലൻഡ്
ഒക്ടോബർ 23ന് അബൂദബിയിൽ വെച്ചാണ് ഗ്രൂപ്പ് ഒന്ന് പോരാട്ടങ്ങളുടെ തുടക്കം. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ദുബൈയിൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിൽ രണ്ടാം മത്സരത്തിൽ കൊമ്പുകോർക്കും.
ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയെത്തിയ ശ്രീലങ്കയും ബംഗ്ലാദേശും ഒക്ടോബർ 24ന് ഷാർജയിൽ ഏറ്റുമുട്ടും.
ഇന്ത്യ-പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ മത്സരത്തോടെയാണ് ഗ്രൂപ്പ് രണ്ട് മത്സരങ്ങൾക്ക് തുടക്കമാകുക. പ്രാദേശിക സമയം ആറുമണിക്ക് ദുബൈയിൽ വെച്ചാണ് മത്സരം. ഒക്ടോബർ 26ന് പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. സ്കോട്ലൻഡിനെതിരെ ഒക്ടോബർ 25നാണ് അഫ്ഗാനിസ്താന്റെ ആദ്യ മത്സരം.
അബൂദബിയിൽ നടക്കുന്ന ആസ്ട്രേലിയ-വിൻഡീസ്, ഷാർജയിൽ നടക്കുന്ന ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരങ്ങളോടെ ഗ്രൂപ്പ് ഒന്ന് പോരാട്ടങ്ങൾക്ക് അവസാനമാകും.
നവംബർ എട്ടിന് നടക്കേണ്ട ഇന്ത്യ-നമീബിയ മത്സരമാണ് ഗ്രൂപ്പ് രണ്ടിലെ അവസാന കളി.
നവംബർ 10ന് അബൂദബിയിൽ വെച്ചാണ് ആദ്യ സെമി. നവംബർ 11ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിന് ദുബൈയാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ട് സെമികൾക്കും റിസർവ് ദിനങ്ങളുണ്ട്.
നവംബർ 14ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ട്വന്‍റി20 മാമാങ്കത്തിന്‍റെ കലാശപ്പോരാട്ടം.
ആദ്യ റൗണ്ടിൽ പിന്തുടർന്ന് അതേ രീതിയിലായിരിക്കും സൂപ്പർ 12ലും പിന്തുടരുക. ജയിച്ചാൽ രണ്ട് പോയിന്‍റ് ലഭിക്കും. മത്സരം സമനിലയിലാകുകയോ ഫലമില്ലാതെയോ ഉപേക്ഷിക്കുകയോ ചെയ്താൽ ഓരോ പോയിന്‍റ് വീതം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.