ഐ.പി.എൽ 2023 സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. 13 മത്സരങ്ങളിൽനിന്ന് 18 പോയന്‍റാണ് ടീമിന്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, ഇത്തവണയും കിരീട പോരിൽ ഫേവറീറ്റുകൾ തന്നെയാണ്.
സീസണിലെ ഗുജറാത്തിന്‍റെ കുതിപ്പിനു പിന്നിലെ നിർണായക ശക്തികൾ യുവബാറ്റർ ശുഭ്മൻ ഗില്ലും പേസർ മുഹമ്മദ് ഷമിയും സ്പിന്നർ റാഷിദ് ഖാനുമാണ്. സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഗിൽ. 13 മത്സരങ്ങളിൽനിന്ന് 576 റൺസാണ് ഇതുവരെയുള്ള താരത്തിന്‍റെ സമ്പാദ്യം. 23 വിക്കറ്റുകളുമായി ഷമിയും റാഷിദ് ഖാനും വിക്കറ്റ് വേട്ടക്കാരിൽ മുന്നിലാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ടീമിന്‍റെ അവസാന മത്സരത്തിൽ ഗിൽ ഐ.പി.എല്ലിലെ പ്രഥമ സെഞ്ച്വറി കുറിച്ചിരുന്നു.
ഈ വർഷം താരം ആറാം തവണയാണ് മൂന്നക്കം കടക്കുന്നത്. കൂടാതെ, ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും താരത്തിന് സെഞ്ച്വറി നേടാനായി. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ യുവ താരം കൂടിയാണ്. കഴിഞ്ഞ ജനുവരിയിൽ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 149 പന്തിൽ 208 റൺസാണ് താരം അടിച്ചെടുത്തത്. ഈ കണക്കുകളെല്ലാം മതി ഗിൽ, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി സൂപ്പർബാറ്ററെന്ന് തെളിയിക്കാൻ.
ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരെ പോലെ സൂപ്പർതാരമാകാനുള്ള എല്ലാ കഴിവും ഗില്ലിനുണ്ടെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നു. ‘വിരാട് കോഹ്‌ലി, സചിൻ തെണ്ടുൽക്കർ എന്നിവരെപോലെ ഒരാളാകാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. അതിനുള്ള സാങ്കേതിക തികവ് അദ്ദേഹത്തിനുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന അസാധാരണ താരമാണ്, അസാമാന്യ പ്രകടനം നടത്തുന്ന താരമാണ്’ -ഉത്തപ്പ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാളിനെയും അദ്ദേഹം പുകഴ്ത്തി. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത രണ്ടു താരോദയങ്ങളാണ് ഗില്ലും യശസ്വി ജയ്സ്വാളെന്നും താൻ വ്യക്തിപരമായി വിശ്വിസിക്കുന്നതായും ഉത്തപ്പ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.