‘പാകിസ്താനോടുള്ള ബഹുമാനം നഷ്ടമായി’; അമേരിക്കയോട് നാണംകെട്ട ബാബറിനെയും ടീമിനെയും വിമർശിച്ച് മുൻ ഇന്ത്യൻ സ്റ്റാർ

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് പാകിസ്താനെതിരെ സൂപ്പർ ഓവറിൽ അമേരിക്ക നേടിയ ത്രസിപ്പിക്കുന്ന ജയം. ക്രിക്കറ്റിലെ തുടക്കക്കരായ അമേരിക്കക്കു മുന്നിൽ പാകിസ്താന്‍റെ പേരുകേട്ട ബാറ്റർമാരും ബൗളർമാരും കളി മറന്നപ്പോൾ, ആതിഥേയർ ജയം പിടിച്ചെടുത്തു.

പാകിസ്താന്‍റെ മോശം പ്രകടനത്തിൽ നായകൻ ബാബർ അസമും താരങ്ങളും കടുത്ത വിമർശനമാണ് ഏറ്റുവാങ്ങുന്നത്. ആരാധകർ പോലും ടീമിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 2009 ചാമ്പ്യന്മാരുടെ പ്രകടനത്തെയും ബാബറിന്‍റെ ക്യാപ്റ്റൻസിയെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുൻ ഇന്ത്യൻ ബാറ്ററും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജുരേക്കറും പാകിസ്താൻ ടീമിനെ വെറുതെ വിട്ടില്ല. പാകിസ്താൻ ക്രിക്കറ്റ് അതിന്‍റെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയതായി അദ്ദേഹം പറഞ്ഞു.

മത്സരത്തിലെ പാകിസ്താന്‍റെ തന്ത്രങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. പാകിസ്താന്‍റെ ടീമിന്‍റെ പ്രകടനത്തെ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുമായാണ് അദ്ദേഹം ഉപമിച്ചത്. ‘അന്താരാഷ്ട്ര ക്രിക്കറ്റ് നോക്കുകയാണെങ്കിൽ, യു.എസിനെ പോലൊരു ടീമിന് ഈ ജയത്തിലൂടെ വളരെ നേരത്തെ തന്നെ അതിന്‍റെ കൊടുമുടിയിലെത്താൻ സാധിച്ചു. യു.എസ് എവറസ്റ്റിനോളം ഉയർന്നു, പാകിസ്താൻ അതിന്‍റെ ഏറ്റവും താഴ്ന്ന തട്ടിലും. പാകിസ്താനിൽനിന്ന് ഇത്തരത്തിലൊരു മോശം പ്രകടനം കണ്ടിട്ടില്ല. ഇത് തോൽവിയുടെ മാത്രം കാര്യമല്ല. റിവ്യൂ, മുഹമ്മദ് ആമിറിന്‍റെ സൂപ്പർ ഓവർ, സമ്മർദം കൂടിയപ്പോൾ ഫീൽഡിങ്ങിലുണ്ടായ പിഴവുകൾ. ഞാൻ പാകിസ്താനെതിരെ കളിക്കുമ്പോൾ അവർ ലോക ചാമ്പ്യന്മാരായിരുന്നു, ഇപ്പോഴത്തെ അവരുടെ പ്രകടനം എന്നെ വേദനിപ്പിക്കുന്നു. നിലവിൽ അവർ ക്രിക്കറ്റിന്‍റെ ഏറ്റവും താഴെ തട്ടിലാണ്’ -മഞ്ജുരേക്കർ പ്രതികരിച്ചു.

പാകിസ്താൻ ടീമിനോടുള്ള ബഹുമാനം നഷ്ടമായി. ആമിറിനെ പോലൊരു അനുഭവ പരിചയമുള്ള താരത്തിൽനിന്ന് ഇത്തരം പ്രകടനം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്കെതിരെ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയുടെ ഇന്നിങ്സും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യു.എസ് പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് അടിച്ചെടുത്തത്. 19 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താന്‍റെ ഇന്നിങ്സ് അഞ്ച് റൺസ് അകലെ അവസാനിച്ചു.

Tags:    
News Summary - Ex-India Star's Honest Verdict On Babar Azam And Co's Dismal Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.