ലഖ്നോ: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. വിജയ ലക്ഷ്യമായ 100 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കെയാണ് അടിച്ചെടുത്തത്. അവസാന ഓവറിൽ റൺസ് വിട്ടുനൽകാൻ മടിച്ച ടിക്നർ ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രം വഴങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, അഞ്ചാം പന്ത് സൂര്യകുമാർ യാദവ് ബൗണ്ടറി കടത്തിയതോടെയാണ് മത്സരം ഇന്ത്യയുടെ വരുതിയിലായത്. 31 പന്തിൽ 26 റൺസെടുത്ത് പുറത്താകാതെ നിന്ന സൂര്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 20 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൗളർമാർ ആധിപത്യം പുലർത്തിയപ്പോൾ ഒരൊറ്റ സിക്സർ പോലും പിറന്നില്ല. ആദ്യ മത്സരം ന്യൂസിലാൻഡ് ജയിച്ചതിനാൽ അവസാന പോരാട്ടം പരമ്പര വിജയികളെ നിർണയിക്കും.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകരെ ആതിഥേയ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ ന്യൂസിലാൻഡിനായുള്ളൂ. 23 പന്തിൽ പുറത്താവാതെ 19 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ സാൻഡ്നർ ആണ് ടോപ് സ്കോറർ. ഫിൻ അലൻ (11), കോൺവെ (11), മാർക് ചാപ്മാൻ (14), െഗ്ലൻ ഫിലിപ്സ് (അഞ്ച്), ഡാറിൽ മിച്ചൽ (എട്ട്), മൈക്കൽ ബ്രേസ്‍വൽ (14), ഇഷ് സോധി (ഒന്ന്), ലോക്കി ഫെർഗൂസൻ (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ജേക്കബ് ഡഫി പുറത്താവാതെ ആറ് റൺസെടുത്തു. ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഫിൻ അലനെയാണ് ന്യൂസിലാൻഡിന് ആദ്യം നഷ്ടമായത്. യുസ്വേന്ദ്ര ചാഹൽ ബൗൾഡാക്കുകയായിരുന്നു. ദെവോൺ കോൺവേയെ വാഷിങ്ടൺ സുന്ദർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. െഗ്ലൻ ഫിലിപ്സിന്റെ സ്റ്റമ്പ് ദീപക് ഹൂഡയും ഡാറിൽ മിച്ചലിന്റേത് കുൽദീപ് യാദവും തെറിപ്പിച്ചപ്പോൾ മാർക് ചാപ്മാൻ റണ്ണൗട്ടായി. ബ്രേസ് വെലിനെ പാണ്ഡ്യയുടെ പന്തിൽ അർഷ്ദീപും ഇഷ് സോധിയെ അർഷ്ദീപിന്റെ പന്തിൽ പാണ്ഡ്യയും പിടിച്ചു പുറത്താക്കി. ലോക്കി ഫെർഗൂസനെ അർഷ്ദീപിന്റെ പന്തിൽ വാഷിങ്ടൺ സുന്ദർ പിടികൂടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. ഒമ്പത് പന്തിൽ 11 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തപ്പിത്തടഞ്ഞ് 32 പന്തിൽ 19 റൺസെടുത്ത ഇഷാൻ കിഷൻ റണ്ണൗട്ടായി മടങ്ങി. 13 റൺസെടുത്ത രാഹുൽ ത്രിപാഠിയെ ഇഷ് സോധിയുടെ പന്തിൽ െഗ്ലൻ ഫിലിപ്സ് പിടിച്ച് പുറത്താക്കി. കഴിഞ്ഞ കളിയിൽ ആൾറൗണ്ട് പ്രകടനം നടത്തിയ വാഷിങ്ടൺ സുന്ദർ പത്ത് റൺസെടുത്ത് നിൽക്കെ ടിക്നറുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. തുടർന്നാണ് സൂര്യക്ക് കൂട്ടായി പാണ്ഡ്യ എത്തിയത്. ഇരുവരും കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.