മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിത എ ടീം ക്രിക്കറ്റ് പരമ്പരയിലെ അനുഭവപാഠങ്ങള്കൂടി കൈമുതലാക്കി മലയാളത്തിന്റെ മിന്നു മണി സീനിയര്‍ ടീമിനായി ഇറങ്ങുന്നു. ബുധനാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ട് സീനിയർ ടീമിനെതിരായ പരമ്പരക്കുള്ള മറ്റ് ഇന്ത്യൻ താരങ്ങൾക്കൊപ്പം വാംഖഡെയിൽ പരിശീലനത്തിനിറങ്ങി ഓൾറൗണ്ടർ.
ഞായറാഴ്ചയാണ് എ ടീം പരമ്പര അവസാനിച്ചത്. ഇത് ഇംഗ്ലണ്ട് (2-1) നേടിയെങ്കിലും സംഘത്തെ നയിക്കാനായത് പുത്തന്‍ അനുഭവങ്ങള്‍ നല്‍കിയെന്ന് മിന്നു മണി പറയുന്നു. അഞ്ചു വിക്കറ്റുകളാണ് പരമ്പരയിൽ മിന്നു എറിഞ്ഞെടുത്തത്.
ക്യാപ്റ്റന്‍ പദവി വെല്ലുവിളിയായെങ്കിലും വലിയ തിരിച്ചറിവുകള്‍ക്ക് അത് ഗുണമായി. പരമ്പരയിൽ ഇന്ത്യ നല്ല കളിതന്നെയാണ് പുറത്തെടുത്തത്. എങ്കിലും ബാറ്റിങ് കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ബാറ്റിങ്ങില്‍ തനിക്ക് നല്ല തുടക്കമിടാനായെങ്കിലും ഏറെ മുന്നോട്ടുപോകാനുണ്ട് - മിന്നു വിലയിരുത്തി.
ഏതു നിമിഷവും കളിഗതി മാറാവുന്ന ട്വന്റി20യില്നിന്ന് ബാറ്ററും ബൗളറുമെന്ന നിലക്ക് ഏറെ പഠിക്കാനായി. ഏതെല്ലാം സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവരുകയെന്നും മനസ്സിലായി. അതെല്ലാം സീനിയര്‍ ടീമില്‍ കളിക്കുമ്പോള്‍ തുണയാകുമെന്ന് താരം വിശ്വസിക്കുന്നു.
ബാറ്റിങ് ഓള്‍റൗണ്ടറായ മിന്നു ഓഫ് സ്പിന്നിൽ വിക്കറ്റ് വേട്ടക്കാരിയായി മാറിയതാണ് പരമ്പരയിൽ കണ്ടത്. ഇന്ത്യയുടെ ബംഗ്ലാദേശ് ടൂറിൽ കൂടുതലും ബൗളിങ്ങിനായിരുന്നു അവസരം. ടീമിൽ മിക്കവരും നന്നായി ബാറ്റുചെയ്യുന്നവരായതിനാലാണ് ഇത്. ‘‘ബാറ്റര്‍ എന്ന നിലയില്‍ ആത്മവിശ്വാസമുണ്ട്.
കൂടുതല്‍ റണ്‍സുകള്‍ നേടി ടീമിനെ സുരക്ഷിതമാക്കുന്നതില്‍ ശ്രദ്ധചെലുത്തും. ഇപ്പോള്‍ കുറച്ചുകൂടി മികച്ച രീതിയില്‍ നില്‍ക്കുന്നത് ബൗളിങ്ങാണ്. ബൗളിങ് തുടരും. ബാറ്റിങ്ങും ബൗളിങ്ങും ഇനിയും മികച്ചതാകാനുണ്ട്’’ -വയനാട്ടുകാരി പറഞ്ഞു.
ഇന്ത്യൻ ടീമിലേക്കുള്ള തന്റെ വരവോടെ കൂടുതൽ പെൺകുട്ടികൾ ക്രിക്കറ്റിലേക്ക് വരുന്നുണ്ടെന്നത് സന്തോഷകരമാണ്. വനിത പ്രീമിയര്‍ ലീഗില്‍ കേരളത്തില്‍ നിന്ന് ഇത്തവണ ഒമ്പതു പേരുണ്ട്. കൂടുതല്‍ പേര് കളിച്ചുവരുന്നുണ്ട്. കിട്ടുന്ന അവസരങ്ങളില്‍ ഭയമില്ലാതെ മുഴുവന്‍ കഴിവും പ്രകടിപ്പിക്കണമെന്നാണ് അവരോട് മിന്നുവിന് പറയാനുള്ളത്.
‘‘കേരളത്തില്‍ വനിത ക്രിക്കറ്റ് നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാച്ചുകളടക്കം അവസരങ്ങള്‍ കേരള, ജില്ല ക്രിക്കറ്റ് അസോസിയേഷനുകള്‍ നല്‍കുന്നുണ്ട്. അതിന്റെ മാറ്റങ്ങളാണ് പ്രകടമാകുന്നത്’’ -മിന്നു പറഞ്ഞു. കോര്‍പറേറ്റ് ഹൗസുകളില്‍നിന്ന് വിളി വന്നിട്ടില്ല എന്നതാണ് അവശേഷിക്കുന്ന സങ്കടം.
ഇന്ത്യന്‍ റെയിൽവേയില്‍ ശ്രമിക്കുന്നു. പ്രതീക്ഷയിലാണ്. പാടത്ത് ആണ്‍കുട്ടികൾക്കൊപ്പം കളിച്ചുവളര്‍ന്ന താൻ, വയനാട് ക്രിക്കറ്റ് അസോസിയേഷനും കേരള ക്രിക്കറ്റ് അസോസിയേഷനുമൊക്കെ ഉള്ളതുകൊണ്ട് ഇവിടെ എത്തിനില്‍ക്കുന്നു -മിന്നു കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മൂന്നു മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.