പട്ന: ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിനാണ് തോറ്റത്. തോൽവിയുടെ നിരാശയിൽ ടെലിവിഷൻ സെറ്റ് തല്ലിപ്പൊട്ടിച്ചിരിക്കുകയാണ് ബിഹാറിലെ ഒരുപറ്റം ക്രിക്കറ്റ് ആരാധകർ. കളി കഴിഞ്ഞ ഉടനെയാണ് ഫോബ്സ്ഗഞ്ചിൽ ടി.വി തല്ലിപ്പൊളിച്ച് രോഷപ്രകടനം അരങ്ങേറിയത്.
ഇന്ത്യ-പാക് പോരാട്ടം കാണാൻ രാവിലെ തന്നെ ഫോബ്സ്ഗഞ്ചിലെ ചോപട്ടിയിൽ തയാറെടുപ്പുകൾ നടന്നിരുന്നു. ചിലയിടങ്ങളിൽ കളി കാണാനായി പ്രൊജക്ടറുകൾ ഒരുക്കി. ചിലർ ടി.വിയിൽ കളി കാണാൻ ഒരുങ്ങി. ഇന്ത്യയുടെ ജയത്തിനായി ആരാധകർ പ്രാർഥിച്ചെങ്കിലും ഫലം മറിച്ചായിരുന്നു.
കളി തോറ്റ ദേഷ്യത്തിൽ ടി.വി തല്ലിപ്പൊളിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകകപ്പിൽ ആദ്യമായി പാകിസ്താനോടേറ്റ തോൽവി ഇന്ത്യൻ ആരാധകരിൽ ചിലർക്ക് ഇനിയും ദഹിച്ചിട്ടില്ല. മത്സരം തത്സമയം കണ്ടുകൊണ്ടിരിക്കേ തന്നെ കാണികളുടെ നിരാശ പ്രകടമായിരുന്നു. പാകിസ്താൻ ജയിച്ചതോടെ നിരാശ ടി.വി തല്ലിപ്പൊളിച്ച് തീർക്കുകയായിരുന്നു ചിലർ.
ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പത്തുവിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ കീഴടക്കിയത്. ട്വന്‍റി20യിൽ ആദ്യമായാണ് ഇന്ത്യ 10 വിക്കറ്റിന് തോൽക്കുന്നത്. യാദൃശ്ചികമെന്ന് പറയട്ടെ ട്വന്‍റി20യിൽ പാകിസ്താന്റെ ആദ്യത്തെ 10 വിക്കറ്റ് വിജയം കൂടിയാണിത്.
ഇന്ത്യ ഉയർത്തിയ152 റൺസ് വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ് റിസ്വാനും (79*) ക്യാപ്റ്റൻ ബാബർ അസമും (69*) ചേർന്ന് അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കി. ലോകകപ്പിൽ ഇതാദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിക്കുന്നത്.
ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിങ്സിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി. നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്.
ഏതൊരച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ - അനുപമയുടെ പിതാവിന്‍റെ തുറന്നുപറച്ചിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.