പുണെ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ അടിയറവെച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധക രോഷം. നാട്ടിലെ ടെസ്റ്റ് പരമ്പരകളിൽ 12 വർഷമായി തുടരുന്ന ഇന്ത്യയുടെ ആധിപത്യമാണ് ന്യൂസിലൻഡ് തകർത്തത്.
പുണെയിലെ ടെസ്റ്റിൽ 113 റൺസിനാണ് ആതിഥേയരുടെ തോൽവി. 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയക്കുതിപ്പാണ് കീവീസ് അവസാനിപ്പിച്ചത്. ഇതിനു മുമ്പ് 2012ൽ ഇംഗ്ലണ്ട് ടീമിനോടാണ് നാട്ടില്‍ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. പരിശീലകൻ ഗൗതം ഗംഭീറിന്‍റെയും നായകൻ രോഹിത് ശർമയുടെയും തന്ത്രങ്ങളാണ് ടീമിന്‍റെ പരാജയത്തിനു കാരണമെന്ന് ഒരു വിഭാഗം ആരാധകർ കുറ്റപ്പെടുത്തി.
മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യ തൊട്ടടുത്ത സെഷനിൽ ഏഴു വിക്കറ്റിന് 178 റൺസിലേക്ക് തകർന്നു. 359 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്സ് 245ൽ അവസാനിച്ചു. സ്കോർ: ന്യൂസിലൻഡ് -259 & 255, ഇന്ത്യ -156 & 245. രണ്ടു ഇന്നിങ്സുകളിലുമായി 13 വിക്കറ്റ് വീഴ്ത്തിയ കീവീസ് സ്പിന്നർ മിച്ചൽ സാന്‍റനറാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. 77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
‘12 വർഷങ്ങൾ, 4331 ദിവസങ്ങൾ, 18 പരമ്പരകൾ, എതിരാളികളുടെമേൽ ആധിപത്യം. ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ എന്നെന്നും ഓർത്തിരിക്കാനുള്ള മനോഹരമായ ക്രിക്കറ്റിന്‍റെ അവസാനമാണിത്’ -ജോൺസ് എന്ന ആരാധകൻ എക്സിൽ കുറിച്ചു. എക്കാലത്തെയും മോശം പരിശീലക-നായക കൂട്ടുകെട്ട് എന്നാണ് മാക്സ് അൺവെൽ എന്ന അക്കൗണ്ടിൽ പ്രതികരിച്ചത്.
‘ഗംഭീറും രോഹിതും സ്വയം ലജ്ജിക്കണം! ടോസ് മുതൽ പിച്ചുകൾ വരെ ഒത്തിരി പിഴവുകൾ’ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. ‘കെയിൻ വില്യംസ് കളിക്കാത്ത ന്യൂസിലൻഡും അശ്വിൻ ഉൾപ്പെടെ പ്രധാന സ്പിന്നർമാരെല്ലാം അണിനിരന്ന ഇന്ത്യയുടെ ഫുൾ ടീമും, എന്നിട്ടും നമ്മൾ പരമ്പര തോറ്റു. ഈ തോൽവിയുടെ ഉത്തരവാദിത്തം കോഹ്ലിക്കും രോഹിത്തിനും മാത്രമാണ്’ -സണ്ണി എന്ന ആരാധകൻ എക്സിൽ പോസ്റ്റ് ചെയ്തു. ടെസ്റ്റിൽ തോൽവി വഴങ്ങിയതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നാണ് മത്സരശേഷം രോഹിത് പ്രതികരിച്ചത്.
ഒരിക്കലും പ്രതീക്ഷിക്കാത്തൊരു മത്സരഫലമായിരുന്നു ഇത്. ന്യൂസീലൻഡിനാണ് എല്ലാ ക്രെഡിറ്റും. ഈ തോൽവിയിൽ നിരാശയുണ്ട്. ചില അവസരങ്ങൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. ആവശ്യമായ സ്കോർ കണ്ടെത്താൻ ബാറ്റർമാർക്കു സാധിച്ചില്ലെന്നും താരം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.