അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അവരുടെ ട്വന്‍റി20 ലോകകപ്പ് ഇൻസ്റ്റഗ്രാം ഹാൻഡിൽ ഒരു റീൽസ് പോസ്റ്റ് ചെയ്തതിനു പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ്. 'നിങ്ങൾ ഇന്ത്യക്കുവേണ്ടി തയാറാണോ' എന്ന കുറിപ്പിനൊപ്പമുള്ള വിഡിയോയിൽ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, യുസ്വേദ്ര ചാഹൽ എന്നിവർ നെഞ്ചിൽ കൈ വെക്കുന്ന രംഗങ്ങളാണുള്ളത്.
എന്നാൽ, സൂപ്പർതാരം വിരാട് കോഹ്‌ലിയെ വിഡിയോയിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പിലെ സൂപ്പർ 12 സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ടീമിന്‍റെ ആരാധകരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു വിഡിയോ ഐ.സി.സി പോസ്റ്റ് ചെയ്തത്. എന്നാൽ, നേരെ വിപരീത ഫലമാണുണ്ടായത്.
വിഡിയോക്കു താഴെ നിരവധി ആരാധകരാണ് രോഷം പ്രകടിപ്പിച്ചത്. 'എവിടെ കിങ്' എന്ന് ഒരു ആരാധകൻ ചോദിക്കുന്നു. 'വിരാട് കോഹ്‌ലിയില്ലാതെ ഇന്ത്യയില്ല', 'വിരാടില്ലാതെ ഇത് അപൂർണമാണ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ. ആസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറു റൺസിന് ഇന്ത്യ ജയിച്ച മത്സരത്തിൽ, കോഹ്‌ലിയുടെ ഫീൽഡിങ് പ്രകടനം എടുത്തുപറയേണ്ടതാണ്.
ഈമാസം 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫോമിലേക്ക് തിരിച്ചെത്തിയ താരം, ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.