ക്രച്ചസിന്റെ സഹായത്താൽ അക്തർ; പ്രാർഥനയോടെ ആരാധകർ

കറാച്ചി: മെൽബണിലെ ആശുപത്രിയിൽ കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ പാകിസ്ഥാന്റെ വിഖ്യാത പേസ് ബൗളർ ശുഐബ് അക്തർ ക്രച്ചസിന്റെ സഹായത്താൽ നടക്കാൻ തുടങ്ങി. ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങു​ന്ന വഴിയിൽ ക്രച്ചസുമായി സഹോദരന്മാർ​ക്കൊപ്പം നിൽക്കുന്ന ചിത്രം 'റാവൽപിണ്ടി എക്സ്പ്രസ്' സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എത്രയും വേഗം പൂർണാരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചും താരത്തിന്റെ ആയുരാരോഗ്യത്തിന് പ്രാർഥനകളുമായും നിരവധി കളിക്കമ്പക്കാരാണ് പോസ്റ്റിനടിയിൽ കമന്റ് ചെയ്യുന്നത്.

'വീട്ടിലേക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു. സഹോദരന്മാരായ കാമിൽ ഖാനും ആസാദ് അലിക്കും ഏറെ നന്ദി. അവരാണ് എന്റെ കാര്യങ്ങൾ നോക്കി നടത്തിയത്. മെൽബണിലേക്കുള്ള മറക്കാനാവാത്ത യാത്രയായിരുന്നു ഇത്. തീർച്ചയായും അടുത്ത തവണ കൂടുതൽ ആരോഗ്യവാനായി തിരിച്ചെത്തും' -ചിത്രത്തോടൊപ്പം അക്തർ കുറിച്ചു.


സർജറിയെക്കുറിച്ച് വിശദീകരിച്ച് അക്തർ രണ്ടു വിഡിയോകൾ ആശുപത്രിയിൽനിന്ന് പോസ്റ്റ് ചെയ്തിരുന്നു. കളിക്കുന്ന കാലത്ത് ഇത്തരം അഞ്ചു ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'ശുഐബ് ഭായി, എത്രയും വേഗം സുഖമാവട്ടെ..ലക്ഷക്കണക്കിനാളുകളുടെ പ്രചോദനമാണ് താങ്കൾ' -ഒരു ആരാധകൻ കുറിച്ചു. ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെയെന്നായിരുന്നു മറ്റൊരാളുടെ ആശംസ. 

Tags:    
News Summary - Fans Pray for Shoaib Akhtar as He Stands With Support Of Crutches Post Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.