ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വമ്പൻ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെ വിമർശിച്ച് ആരാധകർ. ടെസ്റ്റ് ഫൈനൽ മത്സരത്തിലെ ഇന്ത്യൻ ടീമിന്‍റെ ദയനീയ പ്രകടനത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിനു (ഐ.പി.എൽ) നേരെയാണ് ആരാധകർ വിരൽചൂടുന്നത്.
ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റണ്‍സിനാണ് ഓസീസ് സംഘം തകർത്തത്. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസിന് പുറത്തായി.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യ സ്കോർ ബോർഡിൽ 70 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും വലിച്ചെറിയുന്നതാണ് കണ്ടത്. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിനെ വിമർശിച്ച് മുൻതാരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ഇതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പരിഹാസവും.
ഐ.പി.എല്ലിന്റെ ഗ്ലാമറും പണക്കൊഴുപ്പും നമ്മുടെ താരങ്ങളെ നശിപ്പിച്ചെന്നും രാജ്യാന്തര മത്സരങ്ങളെ അവർ ഗൗരവത്തോടെ കാണുന്നില്ലെന്നും ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ഇന്ത്യ യോഗ്യത നേടരുതായിരുന്നെന്നും കാരണം അവർ ഐ.സി.സി ഇവന്റുകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവർക്ക് മുൻഗണന ഐ.പി.എല്ലാണെന്നും മറ്റൊരു ആരാധകൻ കുറിച്ചു. ‘പുതിയ ഇന്ത്യയിൽ നമുക്ക് സ്വന്തമായി ട്രോഫികളുണ്ട് -ഐ.പി.എൽ. 2023 ഏകദിന ലോകകപ്പ് നമ്മുടെ ലക്ഷ്യമേയല്ല’ -ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.