അലീഗഢ്: താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയെങ്കിലും പിതാവ് പഴയ ജോലി തുടരുകയാണെന്ന് വെളിപ്പെടുത്തി റിങ്കു സിങ്. ജോലി ഉപേക്ഷിച്ച് വിശ്രമിക്കാന്‍ പറഞ്ഞെങ്കിലും പിതാവ് ഖാന്‍ചന്ദ് ഇപ്പോഴും എല്‍.പി.ജി സിലിണ്ടറുകളും ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുകയാണെന്നും താരം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അയർലൻഡ് പര്യടനത്തിനും ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുമുള്ള ഇന്ത്യന്‍ ടീമിൽ റിങ്കു സിങ്ങിന് ഇടം ലഭിച്ചിട്ടുണ്ട്. െപ്ലയിങ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും 26കാരൻ പറഞ്ഞു.
‘റണ്‍സടിക്കുക എന്നത് മാത്രമാണ് എന്‍റെ ചുമതല. അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാന്‍ ഇന്ത്യന്‍ ടീമിലെത്തിയതില്‍ എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാല പരിശീലകന്‍ മസൂദ് അമിനിയുമെല്ലാം സന്തുഷ്ടരാണ്. ഐ.പി.എല്ലില്‍ മൂന്ന് സീസണുകളിലും ഏതാനും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചതോടെ എനിക്കിപ്പോള്‍ കുടുംബത്തെ നല്ലരീതിയില്‍ നോക്കാനുള്ള വരുമാനമുണ്ട്. കുടുംബാംഗങ്ങളെല്ലാം താൻ നിർമിച്ച വീട്ടിലാണ് താമസം. നല്ലരീതിയില്‍ ജീവിക്കാനുള്ള വരുമാനമായെങ്കിലും പിതാവ് ഖാന്‍ചന്ദ് ഇപ്പോഴും എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന തന്‍റെ ജോലി ഉപേക്ഷിച്ചിട്ടില്ല. ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ, ഇനി വിശ്രമിക്കൂവെന്ന് അദ്ദേഹത്തോട് പലതവണ പറഞ്ഞതാണ്. എന്നാല്‍, അദ്ദേഹം കേള്‍ക്കുന്നില്ല. ഇപ്പോഴും അദ്ദേഹം സിലിണ്ടറുകള്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നുണ്ട്. അച്ഛന് ആ ജോലി എന്തോ ഭയങ്കര ഇഷ്ടമാണ്. അച്ഛന്‍റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ ചിലപ്പോള്‍ തോന്നും അതാണ് ശരിയെന്ന്. കാരണം, വീട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ തുടങ്ങിയാല്‍ പെട്ടെന്ന് തന്നെ ആ ജീവിതം മടുക്കും. പ്രത്യേകിച്ച് ജീവിതത്തില്‍ കഠിനമായി കഷ്ടപ്പെട്ട ഒരാള്‍ക്ക്. അതുകൊണ്ടുതന്നെ അച്ഛന്‍ ചെയ്യുന്ന ജോലി നിര്‍ത്താന്‍ പറയുക ബുദ്ധിമുട്ടാണ്’, റിങ്കു സിങ് പറഞ്ഞു.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി റിങ്കു സിങ് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഒരോവറിൽ അഞ്ച് സിക്സടിച്ചതോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. റിങ്കു തന്‍റെ നാട്ടിലെ കുട്ടികള്‍ക്കായി സ്പോർട്സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നുണ്ട്. ക്രിക്കറ്റിനോട് താല്‍പര്യമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനും പരിശീലിക്കാനും സൗകര്യമുണ്ടാകും. താരത്തിന്റെ ബാല്യകാല പരിശീലകൻ മസൂദ് അമീനിയാണ് കുട്ടികളെ കളി പഠിപ്പിക്കുക. കഴിഞ്ഞ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനുശേഷം ജീവിതം മാറിമറിഞ്ഞുവെന്നും ഇന്ന് ഒരുപാട് പേർ തന്നെ തിരിച്ചറിയുന്നുവെന്നും താരം പറഞ്ഞു. കൊൽക്കത്ത നായകൻ നിതീഷ് റാണ മൂത്ത സഹോദരനെ പോലെയാണെന്നും ഒരുപാട് പിന്തുണ നൽകിയിട്ടുണ്ടെന്നും പരിശീലകൻ അഭിഷേക് നായർ ട്വന്റി 20 മത്സരങ്ങൾക്ക് തന്നെ പരുവപ്പെടുത്തിയെന്നും റിങ്കു സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.