ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഈമാസം 19ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. പാകിസ്താനെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകൾ ഇന്ത്യയിലെത്തുന്നത്.
രോഹിത് ശർമയും സംഘവും മികച്ച ഫോമിലുള്ള ബംഗ്ലാദേശിനെ അത്ര നിസ്സാരക്കാരായല്ല കാണുന്നത്. ഒന്നാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോഡാണ്, അതും 92 വർഷത്തെ ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിനിടെ ആദ്യം! അതുകൊണ്ടു തന്നെ ഒന്നാം ടെസ്റ്റിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇതുവരെ 579 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ 178 ടെസ്റ്റുകൾ ജയിച്ചു, അത്ര തന്നെ ടെസ്റ്റുകളിൽ പരാജയപ്പെട്ടു. 222 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ചെന്നൈയിലെ ആദ്യ മത്സരം ജയിച്ചാൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി വിജയങ്ങളുടെ എണ്ണം തോൽവികളുടെ എണ്ണത്തെ മറികടക്കും. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു നേട്ടം ഇന്ത്യയെ കാത്തിരിക്കുന്നത്.
ചെന്നൈയിൽ ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. 15 ടെസ്റ്റുകൾ ജയിച്ചപ്പോൾ, ഏഴു മത്സരങ്ങൾ പരാജയപ്പെട്ടു. 11 മത്സരങ്ങൾ സമനിലയിലായി. 2021ലാണ് അവസാനമായി ചെന്നൈയിൽ ഇന്ത്യ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെ അന്ന് 317 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ ടെസ്റ്റിനുള്ള 15 അംഗ ടീമില്‍ പുതുമുഖ താരം യഷ് ദയാല്‍ ഇടം നേടി. ഋഷഭ് പന്തും ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. നാല് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. എട്ട് ബാറ്റര്‍മാരും ടീമിലുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്, ജസ്പ്രിത് ബുംറ, യഷ് ദയാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.