അശോക്​ ദിൻഡ

ബി.ജെ.പിയിൽ ചേർന്ന അശോക്​ ദിൻഡക്കും കിട്ടി ടിക്കറ്റ്​; മോയ്​നയിൽ നിന്ന്​ ജനവിധി തേടും

കൊൽക്കത്ത: കഴിഞ്ഞ മാസം പാർട്ടിയിൽ ചേർന്ന മുൻ ക്രിക്കറ്റർ അശോക്​ ദിൻഡ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ​ ബി.ജെ.പി സ്​ഥാനാർഥിയാകും. ബംഗാളിലെ പുർബ മദിനിപൂർ ജില്ലയിലെ മോയ്​ന മണ്ഡലത്തിൽ നിന്നാണ്​ ദിൻഡ ജനവിധി തേടുക.

കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെയും ബി.ജെ.പി സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ അർജുൻ സിങ്ങിന്‍റെയും സാന്നിധ്യത്തിലായിരുന്നു ദിൻഡ പാർട്ടിയിൽ ചേർന്നത്​. ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിലും റാലികളിലും സ്​ഥിരം സാന്നിധ്യമായിരുന്നു.

​സമീപകാലത്ത്​ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം 13 ഏകദിനങ്ങളിലും ഒമ്പത്​ ട്വന്‍റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്​സിയണിഞ്ഞിട്ടുണ്ട്​. യഥാക്രമം 12, 17 വിക്കറ്റുകളാണ്​ സമ്പാദ്യം.

ദിൻഡ ബി.ജെ.പിയിൽ ചേർന്ന അതേദിവസം തന്നെ സഹതാരമായിരുന്ന മനോജ്​ തിവാരി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു.

2016ൽ കോൺഗ്രസിലെ മണിക്​ ഭൗമികിനെ 12000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്‍റെ സംക്രംകുമാർ ദോലയാണ്​ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്​. ഭരണകക്ഷിയായ തൃണമൂൽ സംക്രംകുമാറിനെ തന്നെയാണ്​ സ്​ഥാനാർഥിയായി നിർത്തുന്നത്​.

ബംഗാളിൽ എട്ട്​ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോ​ട്ടെടുപ്പ്​ മാർച്ച്​ 27നാണ്​. ശനിയാഴ്ചയാണ്​ ബി.ജെ.പി 57 സ്​ഥാനാർഥികളുടെ പട്ടിക തയാറാക്കിയത്​.

Tags:    
News Summary - Former Cricketer Ashoke Dinda Contest From Bengal's Moyna in bjp ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.