മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്ക് 51ാം പിറന്നാൾ. ഓഫ് സൈഡിലെ ദൈവമെന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗാംഗുലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളാണ്. 2008ൽ കളിമതിയാക്കിയ ഗാംഗുലി നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി കാപ്പിറ്റൽസിന്റെ ഡയറക്ടറാണ്.
പിറന്നാൾ ദിനത്തിൽ താൻ വിവിധ മത്സരങ്ങളിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾ ചേർത്ത് വിഡിയോയും ഗാംഗുലി പുറത്തിറക്കി. ട്വിറ്ററിലൂടെയാണ് ഗാംഗുലി വിഡിയോ പങ്കുവെച്ചത്. 1996ലാണ് സൗരവ് ഗാംഗുലി ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ തന്നെ ഗാംഗുലി സെഞ്ച്വറി നേടിയിരുന്നു.
രണ്ടാം ടെസ്റ്റിലും ഇടംകൈയ്യനായ സൗരവ് ഗാംഗുലി മികച്ച പ്രകനമാണ് പുറത്തെടുത്ത്. പിന്നീട് ദാദയെന്ന വിളിപ്പേരിൽ ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാവുകയായിരുന്നു.
1997ൽ പാകിസ്താനെതിരായ പരമ്പരയിൽ തുടരെ തുടരെ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടി ഗാംഗുലി വരവറിയിച്ചു. 1999 ലോകകപ്പിലും മികച്ച പ്രകടനമാണ് ഗാംഗുലി പുറത്തെടുത്തത്. ഇതിൽ ശ്രീലങ്കക്കെതിരെ നേടിയ 183 റൺസും ഉൾപ്പെടുന്നു. ദ്രാവിഡിനൊപ്പം ചേർന്ന് 318 റൺസിന്റെ കൂട്ടുകെട്ടും ഗാംഗുലിയുണ്ടാക്കി.
2000ത്തിൽ ഒത്തുകളി വിവാദം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുവന്നപ്പോൾ ഗാംഗുലിയെ ദേശീയ ടീമിന്റെ ക്യാപ്റ്റനാക്കി. 2001ൽ ആസ്ട്രേലിയക്കെതിരെ വിജയം നേടി ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഗാംഗുലിയും സംഘവും മുത്തമിട്ടു.
2002ലായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ആവശേം കൊള്ളിച്ച പ്രകടനം സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നടത്തിയത്. നാറ്റ്വെസ്റ്റ് സീരിസിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെ ഷർട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ച ഗാംഗുലിയുടെ ചിത്രം ഇന്ത്യ ക്രിക്കറ്റിന്റെ സുവർണ്ണ മുഹൂർത്തങ്ങളിലൊന്നായിരുന്നു.ഗാംഗുലിയുടെ ക്യാപ്റ്റൻസി ഇന്ത്യയെ 2003 ലോകകപ്പിന്റെ ഫൈനലിലുമെത്തിച്ചു.
2004ൽ പാകിസ്താനെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം നടത്തിയത്. 59 ഐ.പി.എൽ മത്സരങ്ങളിലും ഗാംഗുലി കളിച്ചു. 113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലും ഗാംഗുലി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും കൂടി 18,575 റൺസും 38 സെഞ്ച്വറികളും ഗാംഗുലി സ്വന്തമാക്കി. വിരമിച്ചതിന് ശേഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്, ബി.സി.സി.ഐ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും ഗാംഗുലി വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.