ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങിയതോടെ രാജസ്ഥാൻ റോയൽസിൻെറ മലയാളി താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നു . ആദ്യമത്സരത്തിലെ സഞ്ജുവിെൻറ തകർപ്പൻ പ്രകടനത്തിനുപിന്നാലെ ട്വിറ്ററിൽ ഉടലെടുത്ത ചർച്ചകൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
സഞ്ജുവിൻെറ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് പ്രേമിയായ ശശി തരൂർ എം.പി ട്വീറ്റ് ചെയ്തത് ഇങ്ങന: ''എനിക്ക് സഞ്ജുവിനെ പത്തുവർഷത്തിലേറെയായി അറിയാം. അവന് 14 വയസ്സുള്ളപ്പോൾ തന്നെ അവൻ അടുത്ത ധോണിയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പ്രവചനം സത്യമാകുന്ന ദിനം വന്നണഞ്ഞിരിക്കുകയാണ്. ഐ.പി.എല്ലിലെ രണ്ട് വിസ്മയകരമായ ഇന്നിങ്സുകളിലൂടെ ഒരു ലോകോത്തര താരം വന്നിരിക്കുന്നു''.
തൊട്ടുപിന്നാലെ മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണറും പാർലമെൻറ് അംഗവുമായ ഗൗതം ഗംഭീറെത്തി. സഞ്ജു അടുത്ത ധോണിയാകുമെന്ന തരൂരിൻെറ ട്വീറ്റ് ഗംഭീർ റീട്വീറ്റ് ചെയ്തതിങ്ങനെ: ''സഞ്ജു സാംസൺ അടുത്ത മറ്റാരുമാകേണ്ടതില്ല. അവൻ ഇന്ത്യൻ ക്രിക്കറ്റിൻെറ സഞ്ജു സാംസൺ തന്നെ ആയാൽ മതി''.
സഞ്ജുവിനെ മറ്റാരുമായും താരതമ്യപ്പെടുത്തരുതെന്നും അവൻെറ ഏറ്റുവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തും രംഗത്തെത്തി.
നേരത്തേ ആദ്യമത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനല്ല, ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ തന്നെയാണെന്ന് ഗംഭീർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.