‘ഗൗതം ഗംഭീർ ഇന്ത്യയുടെ മികച്ച പരിശീലകനാകും’; പിന്തുണയുമായി ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ആരെത്തുമെന്ന ആകാംക്ഷ തുരടുകയാണ്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി മേയ് 27നാണ് അവസാനിച്ചത്. ആരൊക്കെയാണ് അപേക്ഷിച്ചിട്ടുള്ളതെന്ന വിവരം ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എത്തു​മെന്നാണ് സൂചനകൾ. എന്നാൽ, അദ്ദേഹം അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതിനിടെ ഗൗതം ഗംഭീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഗംഭീർ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യൻ ടീമിന്റെ മികച്ച പരിശീലകനാകുമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടിരിക്കുന്നത്. പരിശീലകനെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്ന് ഗാംഗുലി ദിവസങ്ങൾക്ക് മുമ്പ് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

‘ഒരാളുടെ ജീവിതത്തിൽ പരിശീലകന് വലിയ പ്രാധാന്യമുണ്ട്. പരിശീലകന്റെ മാർഗനിർദേശവും അവർ നൽകുന്ന പരിശീലനവും കളിക്കളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ പരിശീലകരെ വിവേകത്തോടെ തെരഞ്ഞെടുക്കൂ’ -എന്നിങ്ങനെയായിരുന്നു സൗരവ് ഗാംഗുലി എക്സിൽ കുറിച്ചത്. ഐ.പി.എല്ലിൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്നു ഗൗതം ഗംഭീർ. 

Tags:    
News Summary - 'Gautam Gambhir will be India's best coach'; Ganguly in support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.