ന്യൂഡൽഹി: മുൻ നായകനും യുവനിരയുടെ ഗോഡ്ഫാദറുമായ രാഹുൽ ദ്രാവിഡിന്‍റെ ശിക്ഷണത്തിൽ ഇന്ത്യൻ ടീം ജൂലൈയിൽ ശ്രീലങ്കയിൽ പര്യടനം നടത്തുന്നുണ്ട്. പല മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള പല യുവതാരങ്ങൾക്കും നിർണായകമാണ് ഈ പരമ്പര. ശ്രീലങ്കൻ പര്യടനത്തിൽ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഇന്ത്യൻ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്.
മുംബൈ ഇന്ത്യൻസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാനായ സൂര്യകുമാർ യാദവിൽ ഒരു കണ്ണ് വേണമെന്നാണ് പ്രസാദ് പറയുന്നത്. സീനിയർ ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ യുവനിരയേയാണ് ഇന്ത്യ ലങ്കയിലേക്ക് അയക്കുന്നത്. ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂര്യകുമാർ ടീമിൽ സ്ഥാനം നേടുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയടിച്ച താരം ഏവരുടെയും മനം കവർന്നിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ ഇഷാൻ കിഷനും സഞ്ജു സാംസണിനും മുമ്പിൽ വലിയ അവസരമാണ് തുറന്ന് വന്നിരിക്കുന്നതെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആവേഷ് ഖാന്‍റെ പ്രകടനം കാണാൻ തനിക്ക് ആകാംക്ഷയുണ്ടെന്നും ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയെ അവരുടെ മണ്ണിൽ തോൽപിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.