അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിനു മുന്നിൽ തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്, 55 റൺസ് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റിന് 207 റൺസെടുത്തു. മുംബൈയുടെ മറുപടി നിശ്ചിത ഓവറിൽ ഒമ്പുതിന് 152ൽ അവസാനിച്ചു.
34 പന്തിൽ 56 റൺസടിച്ച ഓപണർ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഡേവിഡ് മില്ലർ 22 പന്തിൽ 46ഉം അഭിനവ് മനോഹർ 21 പന്തിൽ 42ഉം റൺസ് നേടി. നൂർ അഹ്മദ് മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റെടുത്ത് ഗുജറാത്തിന്റെ ബൗളിങ്ങിൽ മിന്നി. മുംബൈയുടെ തുടക്കം തന്നെ പാളി. ഓപണർമാരായ രോഹിത് ശർമ രണ്ടും ഇഷാൻ കിഷൻ 13ഉം റൺസെടുത്ത് മടങ്ങി. 21 പന്തിൽ 40 റൺസെടുത്ത നേഹാൽ വധേരയാണ് പരാജിതരുടെ ടോപ് സ്കോറർ.
ആദ്യമായി ബാറ്റിങ്ങിന് അവസരം ലഭിച്ച അർജുൻ ടെണ്ടുൽകർ ഒമ്പത് പന്തിൽ 13 റൺസ് ചേർത്ത് പുറത്തായി. നേരത്തേ, ഏഴ് പന്തിൽ നാല് റൺസെടുത്ത ഓപണർ വൃദ്ധിമാൻ സാഹയെ മൂന്നാം ഓവറിൽ അർജുൻ ടെണ്ടുൽകർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ ഗ്ലൗസിലെത്തിക്കുമ്പോൾ ഗുജറാത്ത് സ്കോർ 12. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ (13) കൂട്ടിന് നിർത്തി ഗിൽ രക്ഷാപ്രവർത്തനം തുടങ്ങി. രാഹുൽ തേവാട്യ അഞ്ച് പന്തിൽ 20 റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.