അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിനെ 62 റൺസിന് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം ഐ.പി.എൽ ഫൈനലിന് ടിക്കറ്റെടുത്ത് ഗുജറാത്ത് ടൈറ്റാൻസ്. ടോസ് നഷ്ടമായി ബാറ്റെടുത്ത ഹർദിക് പാണ്ഡ്യയും സംഘവും ഷുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ (129) കരുത്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്. എന്നാൽ, മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിന് അവസാനിച്ചു. 2.2 ഓവറിൽ പത്ത് റൺസ് വഴങ്ങി അഞ്ച് പേരെ പുറത്താക്കിയ മോഹിത് ശർമയാണ് മുംബൈയെ തകർത്തെറിഞ്ഞത്.
38 പന്തുകളിൽ 61 റൺസെടുത്ത് എതിരാളികളുടെ ടോപ്സ്കോററായ സൂര്യകുമാർ യാദവിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു മോഹിത് തുടങ്ങിയത്. അതേ ഓവറിലെ അഞ്ചാമത്തെ പന്തിൽ വിഷ്ണു വിനോദിനെയും പുറത്താക്കി. 17-ാം ഓവർ എറിയാനെത്തിയ താരം ആദ്യ പന്തിൽ ക്രിസ് ജോർദാനെയും മൂന്നാമത്തെ പന്തിൽ പിയൂഷ് ചൗളയെയും മടക്കി. 19-ാം ഓവറിൽ പത്താമനായ കുമാർ കാർത്തികേയയെും പുറത്താക്കി മുംബൈയെ പൂട്ടിക്കെട്ടിയാണ് മോഹിത് ആട്ടം നിർത്തിയത്.
14 പന്തുകളിൽ 43 റൺസെടുത്ത തിലക് വർമയും 20 പന്തുകളിൽ 30 റൺസെടുത്ത കാമറൂൺ ഗ്രീനുമാണ് മുംബൈ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
ആദ്യ ഓവറിൽ തന്നെ മുംബൈക്ക് നെഹാൽ വധേരയെ (4) നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയുടെ പന്തിൽ വൃദ്ധിമാൻ സാഹക്ക് പിടി നൽകിയാണ് താരം മടങ്ങിയത്. ഏഴ് പന്തുകളിൽ എട്ട് റൺസ് മാത്രമെടുത്ത നായകൻ രോഹിത് ശർമ മൂന്നാമത്തെ ഓവറിൽ ഷമിയുടെ പന്തിൽ ജോഷ്വ ലിറ്റിലിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ, ആറാമത്തെ ഓവറിൽ സ്കോർ 72-ലെത്തിച്ച മുംബൈക്ക് തിരിച്ചടിയായത് തിലക് വർമയുടെ പുറത്താകലായിരുന്നു. റാഷിദ് ഖാനാണ് താരത്തിന്റെ കുറ്റിതെറിപ്പിച്ചത്.
കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവും ചേർന്ന് സ്കോർ അതിവേഗം ഉയർത്താൻ ശ്രമിച്ചെങ്കിലും 11.2 ഓവറിൽ ജോഷ്വ ലിറ്റിൽ ഗ്രീനിന്റെ കുറ്റിതെറിപ്പിച്ചു. പതിനഞ്ചാം ഓവറിൽ സൂര്യകുമാറും വീണതോടെ മുംബൈ പരാജയം മണത്തുതുടങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ഗില്ല് നടത്തിയത് വെടിക്കെട്ട് പ്രകടനമായിരുന്നു. 60 പന്തുകളിൽ 129 റൺസാണ് ഗില്ലിന്റെ സംഭാവന. പത്ത് സിക്സും ഏഴ് ഫോറും യുവതാരം പറത്തി. 31 പന്തുകളിൽ 43 റൺസുമായി സായ് സുദർശനും 13 പന്തുകളിൽ 28 റൺസുമായി നായകൻ പാണ്ഡ്യയും മികച്ച പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.