ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പുതുതായി ഉൾപെടുത്തിയ അഹ്മദാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി തങ്ങളുടെ ടീമിന് 'ഗുജറാത്ത് ടൈറ്റൻസ്' എന്ന് പേര് നൽകി. ബുധനാഴ്ചയാണ് ടീമുടമകൾ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
'അഹമദാബാദ് ടൈറ്റൻസ്' എന്നാകും ടീമിന്റെ പേരെന്ന് കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി ഐ.പി.എൽ മെഗാലേലം നടക്കാനിരിക്കെയാണ് അഹമദാബാദ് ഫ്രാഞ്ചൈസി പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ടീമിന്റെ പേരുമായി ചുറ്റിപ്പറ്റി നിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
അഹ്മദാബാദിനൊപ്പം ഈ സീസണില്‍ ഐ.പി.എല്ലില്‍ അരങ്ങേറുന്ന മറ്റൊരു ടീമായ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് കഴിഞ്ഞ മാസം തന്നെ പേര് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ നായകൻ. പാണ്ഡ്യയ്‌ക്കൊപ്പം അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഓൾറൗണ്ടർ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് മെഗാലേലത്തിനു മുമ്പേ അഹ്മദാബാദ് ടൈറ്റൻസ് സ്വന്തമാക്കിയ മറ്റു രണ്ട് താരങ്ങള്‍. ഇതാദ്യമായാണ് പാണ്ഡ്യ ഒരു ടീമിന്റെ നായകനാകുന്നത്.
15 കോടി രൂപ മുടക്കിയാണ് പാണ്ഡ്യയെയും റാശിദിനെയും ടീമിലെത്തിച്ചത്. എട്ടുകോടിയാണ് ഗില്ലിന്റെ വേതനം. അഹ്മദാബാദ് മൊട്ടേര സ്റ്റേഡിയമാണ് ഹേംഗ്രൗണ്ട്. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയാണ് മുഖ്യ പരിശീലകൻ. 2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിത്തന്ന പരിശീലകൻ ഗാരി കേഴ്സ്റ്റണാണ് മെന്റർ. മുൻ ഇംഗ്ലണ്ട് ബാറ്റർ വിക്രം സോളാങ്കി ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.