ചരിത്ര വിജയമാണ് പാകിസ്താനെതിരെ അഫ്ഗാനിസ്താൻ കഴിഞ്ഞ ദിവസം നേടിയത്. മുൻ ലോക ചാമ്പ്യൻമാരെ എട്ട് വിക്കറ്റിനാണവർ തകർത്ത് വിട്ടത്. അഫ്ഗാനിസ്താനെതിരായ തോൽവിയോടെ പാകിസ്താന്റെ സെമി ഫൈനൽ സ്വപ്നങ്ങൾക്കും മങ്ങലേറ്റിരിക്കുകയാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെയായിരുന്നു പാകിസ്താനെതിരായ അഫ്ഗാനിസ്താന്റെ ജയം.
അഫ്ഗാനിസ്താന്റെ വിജയത്തിന് പിന്നാലെ തലസ്ഥാനമായ കാബൂളിൽ വൻ ആഘോഷമാണ് നടന്നതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മത്സരം അവസാനിച്ച് 15 മിനിറ്റിന് ശേഷമായിരുന്നു ആഘോഷം. തോക്ക് കൊണ്ട് വെടിവെച്ചും പടക്കം പൊട്ടിച്ചുമാണ് അഫ്ഗാൻ ആരാധകർ ടീമിന്റെ വിജയം ആഘോഷിച്ചത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെയായിരുന്നു ടീമിന്റെ വിജയാഘോഷം.
ചെപ്പോക്കിൽ അയൽക്കാരായ പാകിസ്താനെ താരതമ്യേന ദുർലബലരായ അഫ്ഗാനിസ്താൻ എട്ട് വിക്കറ്റിനാണ് തകർത്ത് വിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്താൻ ആറ് പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. സ്കോർ - അഫ്ഗാനിസ്താൻ - 286 (2 wkts, 49 Ov)
ടോപ് ഓർഡർ ബാറ്റർമാരുടെ ഗംഭീര പ്രകടനമാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് താരങ്ങളാണ് ഇന്ന് അർധ സെഞ്ച്വറി നേടിയത്. ഓപണർമാരായ റഹ്മാനുള്ള ഗുർബാസും (52 പന്തുകളിൽ 65) ഇബ്രാഹിം സർദാനും (113 പന്തുകളിൽ 87) ഗംഭീര തുടക്കമായിരുന്നു അഫ്ഗാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് കൂട്ടിച്ചേർത്തത്.
ഷഹീൻ അഫ്രീദിയുടെ പന്തിൽ ഉസ്മാൻ മിറിന് പിടി നൽകി ഗുർബാസ് മടങ്ങിയെങ്കിലും തുടർന്നെത്തിയ റഹ്മത്ത് ഷാ, സർദാനൊപ്പം സ്കോർ ഉയർത്താൻ തുടങ്ങി. ഇബ്രാഹിം സർദാൻ പുറത്താകുമ്പോൾ അഫ്ഗാൻ സ്കോർ 190-ലെത്തിയിരുന്നു. നായകൻ ഹഷ്മത്തുള്ള ഷാഹിദിയായിരുന്നു നാലാമനായി എത്തിയത്. ഷായും ഷാഹിദിയും ചേർന്നായിരുന്നു വിജയറൺ നേടിയത്. റഹ്മത്ത് ഷാ 84 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ നായകൻ 45 പന്തുകളിൽ 48 റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.