സഞ്ജുവിനും സചിൻ ബേബിക്കും രോഹൻ​ പ്രേമിനും അർധസെഞ്ച്വറി; തകർച്ചയിൽനിന്ന് കരകയറി കേരളം

റായ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറി കേരളം. ഓപണർമാരായ രോഹൻ കുന്നുമ്മൽ, ജലജ് സക്സേന എന്നിവർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ വൻ തകർച്ച മുന്നിൽകണ്ട കേരളത്തെ രോഹൻ പ്രേം, സചിൻ ബേബി, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരുടെ അർധസെഞ്ച്വറികളാണ് കരകയറ്റിയത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. 57 റൺസുമായി സഞ്ജു സാംസണും 10 റൺസുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍.

റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒരു റൺസുള്ളപ്പോൾ രോഹൻ കുന്നുമ്മലും നാല് റണ്‍സുള്ളപ്പോള്‍ ജലജ് സക്സേനയും മടങ്ങി. തുടർന്ന് ഒരുമിച്ച സചിൻ ബേബിയും രോഹൻ പ്രേമും ചേർന്ന് സ്കോർ ബോർഡിൽ 135 റണ്‍സ് കൂട്ടിച്ചേർത്തു. 54 റൺസെടുത്ത രോഹന്‍ പ്രേം റണ്ണൗട്ടായി മടങ്ങിയപ്പോൾ സചിന്‍ ബേബിയെ (91) സെഞ്ച്വറിക്കരികെ ആഷിഷ് ചൗഹാന്റെ പന്തിൽ സഞ്ജിത്ത് ദേശായ് പിടികൂടി.

അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് കളിച്ചത്. ഇതുവരെ 71 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികള്‍ സഹിതമാണ് 57 റൺസെടുത്തത്. 

നാല് മത്സരങ്ങളില്‍ ഒരു തോൽവിയും മൂന്ന് സമനിലയുമായി നാല് പോയന്റുമായി ഗ്രൂപ്പ് ബിയില്‍ കേരളം ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി അവശേഷിക്കുന്നത്.   

Tags:    
News Summary - Half Centuries for Sanju, Sachin Baby and Rohan Prem; Kerala has recovered from the collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.