രാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം എകദിനത്തിൽ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ എഴു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷാൻ എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഒസീസ് ഇന്ത്യക്കെതിരെ മികച്ച സ്കോർ കണ്ടെത്തിയത്. ഓപണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ഉജ്ജ്വല തുടക്കമാണ് ഒസീസിന് സമ്മാനിച്ചത്.
34 പന്തിൽ 56 റൺസെടുത്ത് വാർണർ പ്രസിദ്ധ് കൃഷ്ണക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ സ്റ്റീവൻ സ്മിത്തിനെ കൂട്ടുപിടിച്ച് മാർഷ് ടീം സ്കോർ 200 കടത്തി. സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് മിച്ചൽ മാർഷ് വീണത്. 84 പന്തിൽ 96 റൺസെടുത്ത മാർഷിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു.
74 റൺസെടുത്ത് മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകി സ്റ്റീവൻ സ്മിത്തും മടങ്ങി. 58 പന്തിൽ 72 റൺസെടുത്ത മാർനസ് ലബൂഷാനെ ജസ്പ്രീത് ബുംറ മടക്കി. അലക്സ് കാരി (11), ഗ്ലെൻ മാക്സ് വെൽ (5), കാമറൂൺ ഗ്രീൻ (9) റൺസെടുത്ത് മടങ്ങി. 19 റൺസെടുത്ത് നായകൻ പാറ്റ് കമ്മിൻസും ഒരു റൺസെടുത്ത് മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു. ഇന്ത്യക്ക് ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമ (60) , വിരാട് കോഹ്ലി (9) എന്നിവരാണ് ക്രീസിൽ. 18 റൺസെടുത്ത വാഷ്ങ്ടൺ സുന്ദറാണ് പുറത്തായത്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആതിഥേയർ ഓസീസിനെതിരെ ആദ്യ സമ്പൂർണ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. ആദ്യ രണ്ടുമത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും മടങ്ങിയെത്തി. ശുഭ്മാൻ ഗില്ലിന് വിശ്രമം അനുവദിച്ച മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവും തിരിച്ചെത്തി. ഇഷാൻ കിഷൻ, ആർ. അശിൻ, ഋതുരാജ് ഗെയ്ക് വാദ്, തിലക് വർമ എന്നിവരും ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.