കാൺപൂർ: ആശുപത്രിയും വിശ്രമവുമായി ദീർഘനാളെടുത്ത അവധി കഴിഞ്ഞ് ടെസ്റ്റിൽ അരങ്ങേറിയ ശ്രേയസ് അയ്യരുടെ മികവിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച് അയ്യരും, പിന്തുണ നൽകി രവീന്ദ്ര ജദേജയും കരുത്തുകാട്ടിയതാണ് നീലക്കുപ്പായക്കാർക്ക് തുണയായത്. സ്റ്റംപെടുക്കുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 258 റൺസ് എടുത്തുനിൽക്കുകയാണ്.
136 പന്തു നേരിട്ട അയ്യർ 75 റൺസെടുത്തും 100 പന്തിൽ ജദേജ 50 റൺസുമായും ക്രീസിലുണ്ട്. മൂന്നു വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി കെയ്ൽ ജാമിസണും ഒരു വിക്കറ്റുമായി സൗതിയും ആതിഥേയർക്ക് കെണിയൊരുക്കിയെങ്കിലും ആത്മവിശ്വാസത്തോടെ നങ്കൂരമിട്ടുനിൽക്കുന്ന മധ്യനിര ഇനിയും ആക്രമണവീര്യവുമായി തുടർന്നാൽ ഇന്ത്യക്ക് വലിയ ടോട്ടൽ സ്വപ്നം കാണാനാകും.
രോഹിതും രാഹുലുമില്ലാതെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മായങ്ക് അഗർവാൾ- ശുഭ്മാൻ ഗിൽ എന്നിവരാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. 13 റൺസ് മാത്രം ചേർക്കുന്നതിനിടെ മായങ്ക് മടങ്ങിയപ്പോൾ വൺഡൗണായി എത്തിയത് േചതേശ്വർ പൂജാര. ഇരുവരും ചേർന്ന് കരുതലോടെ കളിച്ചെങ്കിലും ടീം സ്കോർ 82ൽ നിൽക്കെ അർധ സെഞ്ച്വറി (52 റൺസ്) പൂർത്തിയാക്കി ശുഭ്മാൻ ഗിൽ പുറത്ത്.
പിന്നീട് പൂജാരയെ കൂട്ടി അജിൻക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന അപകടകരമായ സ്കോറിൽ നിൽക്കെ ഒന്നിച്ച ശ്രേയസ് അയ്യരും രവീന്ദ്ര ജദേജയും ചേർന്ന് കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.
വമ്പന്മാർ അവധിയിലായ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാർക്കും വെറ്ററൻമാർക്കും ലഭിച്ച അവസരം മുതലാക്കിയാൽ ന്യൂസിലൻഡ് ശരിക്കും വിയർക്കേണ്ടിവരും. ട്വൻറി20 പരമ്പര തൂത്തുവാരിയ ശേഷം ടെസ്റ്റിനിറങ്ങുന്ന ടീമിൽ ഇശാന്ത് ശർമ ഉൾപ്പെടെ ബൗളിങ്ങിലും ശ്രേയസ് അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാൻ ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.