ശ്രേയസ് അയ്യർക്ക് അർധ സെഞ്ച്വറി; ആസ്ട്രേലിയക്ക് 161 റൺസ് വിജയലക്ഷ്യം

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്. ഉപനായകൻ ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിയത്.

തുടർച്ചയായ നാലാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപണർ യശസ്വി ജയ്‌സ്വാൾ പതിവുപോലെ തകർത്തടിച്ച് തുടങ്ങിയെങ്കിലും 21 നിൽക്കെ ബെഹ്‌റൻഡോർഫിന് വിക്കറ്റ് നൽകി മടങ്ങി. തൊട്ടുപിന്നാലെ റുതുരാജ് ഗെയ്‌ക്‌വാദിനെ (10) ഡ്വാർഷൂയിസ് മടക്കി.

തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (5) കഴിഞ്ഞ മത്സരത്തിലെന്ന പോലെ നിലയുറപ്പിക്കും മുൻപ് മടങ്ങി. വെടിക്കെട്ട് ബാറ്റർ റിങ്കു സിങ്ങ് പരമ്പരയിൽ ആദ്യമായി (6) തിളങ്ങാതെ കൂടാരം കയറിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായി.

ശ്രേയസ് ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ തുടരെ വീഴുകയായിരുന്നു. ആറാം വിക്കറ്റിൽ ജിതേഷ് ശർമ അയ്യർക്ക് മികച്ച പിന്തുണ നൽകിയതോടെ സ്കോർ 100 ലേക്ക് കുതിച്ചു. 24 റൺസെടുത്ത് ജിതേഷ് ശർമ ഹാർഡിക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ അക്സർ പട്ടേൽ തകർത്തടിച്ച് മുന്നേറിയെങ്കിലും 31 ൽ നിൽക്കെ മടങ്ങി.

അവസാന ഓവറിൽ സിക്സറടിച്ച് അർധ സെഞ്ച്വറി പൂർത്തിയാക്കി ശ്രേയസ് അയ്യരും (53) കളം വിട്ടു. രവി ബിഷ്ണോയ് (2) അവസാന പന്തിൽ റണ്ണൗട്ടായി. അർഷദീപ് സിങ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ബെഹ്‌റൻഡോർഫും ഡ്വാർഷൂയിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലിൽ മൂന്നും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച പേസർ ദീപക് ചഹാറിനെ മാറ്റി അർഷദീപ് സിങ്ങിനെ തിരിച്ചുകൊണ്ടുവന്നു. ഓസീസ് നിരയിൽ ക്രിസ് ഗ്രീനിന് പകരം പേസർ നതാൻ ഇല്ലിസിനെ ഉൾപ്പെടുത്തി.

Tags:    
News Summary - Half century for Shreyas Iyer; Australia set a target of 161 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.