സഞ്​ജു സാംസൺ, സചിൻ ബേബി

ഗബ്ബയായില്ല വാംഖഡെ, നിർണായക കളിയിൽ കേരളം ഹരിയാനയോട്​ തോറ്റു; കേവലം​ നാലു റൺസിന്​

മുംബൈ: ഗബ്ബ ടെസ്റ്റിൽ ഇന്ത്യൻ ടീം ചരിത്ര വിജയം നേടിയ നാളിൽ വാംഖഡെയുടെ നടുമുറ്റത്ത്​ അതിനിർണായകമായ ആവേശപ്പോരാട്ടത്തിൽ വിജയത്തിലേക്ക്​ ബാറ്റുവീശാനാവാതെ കേരളം പുറത്ത്​. സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഹരിയാനക്കെതിരെ നാലു റൺസിന്‍റെ തോൽവി വഴങ്ങിയതോടെ കേരളത്തിന്‍റെ നോക്കൗട്ട്​ പ്രതീക്ഷകൾ ഇരുളടഞ്ഞു. ആദ്യം ബാറ്റുചെയ്​ത്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ ഹരിയാന ഉയർത്തിയ 199 റൺസെന്ന വിജയലക്ഷ്യം തേടി കളത്തിലിറങ്ങിയ കേരളത്തിന്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുൻ ക്യാപ്​റ്റൻ സചിൻ ബേബിയും (36 പന്തിൽ 68) ക്യാപ്​റ്റൻ സഞ്​ജു സാംസണും (31 പന്തിൽ 51) അർധസെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. മുഹമ്മദ്​ അസ്​ഹറുദ്ദീൻ 35 റൺസെടുത്തു.

വൻ വിജയലക്ഷ്യത്തിലേക്ക്​ പാഡുകെട്ടിയിറങ്ങിയ കേരളത്തിന്‍റെ തുടക്കം 'ഭാഗ്യ'​േത്താടെയായിരുന്നു. മുൻ ഇന്ത്യൻ താരവും ഹരിയാന ക്യാപ്​റ്റനുമായ മോഹിത്​ ശർമയുടെ ബൗളിങ്ങിൽ റോബിൻ ഉത്തപ്പയെ വിക്കറ്റ്​ കീപ്പർ രോഹിത്​ ശർമ രണ്ടു തവണ കൈവിട്ടു. ആദ്യ ഓവറിൽ രണ്ടു ബൗണ്ടറികൾ പായിച്ച ഉത്തപ്പക്ക്​ പക്ഷേ അടുത്ത ഓവറിൽ പിഴച്ചു. ചപ്രാനയുടെ ബൗളിങ്ങിൽ തെവാത്തിയക്ക് അനായാസ ക്യാച്ച്​.

പിന്നീട്​ ഒത്തുചേർന്ന അസ്​ഹറുദ്ദീനും സഞ്​ജുവും​ ശ്രദ്ധാപൂർവം ഇന്നിങ്​സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇന്ത്യൻ താരം യൂസ്​വേന്ദ്ര ചഹൽ ബൗളിങ്​ എൻഡിലെത്തിയെങ്കിലും ഇരുവരും പതറിയില്ല. ചഹലിനെ ഒരുതവണ മിഡ്​വിക്കറ്റിന്​ മുകളിലൂടെ അസ്​ഹർ സിക്​സിന്​ പറത്തുകയും ചെയ്​തു. ചഹലിനെ ലോങ്​ ഓഫിലൂടെ സിക്​സറിന്​ പായിച്ചാണ്​ സഞ്​ജു അർധശതകം തികച്ചതും. എന്നാൽ, സുമിത്​ കുമാറിന്‍റെ പന്തിൽ കൂറ്റനടിക്ക്​ ശ്രമിച്ച സഞ്​ജുവിനെ തകർപ്പൻ ക്യാച്ചിലൂടെ തിരിച്ചയച്ച്​ ചഹൽ മറുപടി നൽകി. 31 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്​സുമടക്കമാണ്​ സഞ്​ജു 51 റൺസെടുത്തത്​. 10.2 ഓവറിൽ സഞ്​ജു തിരിച്ചുകയറു​േമ്പാൾ കേരളം 96 റൺസിലെത്തിയിരു​ന്നു.

മുംബൈക്കെതിരെ പുറത്താകാതെ 137 റൺസെടുത്ത്​ ഇന്ത്യൻ ​ക്രിക്കറ്റിന്‍റെ ശ്രദ്ധ നേടിയ അസ്​ഹറുദ്ദീൻ തുടക്കത്തിൽ ആക്രമണോത്സുക മൂഡിലായിരുന്നില്ല. സഞ്​ജു കളം വിട്ടതോടെ അടിച്ചുതകർക്കാൻ ഒരുങ്ങിയ അസ്​ഹറിന്​ അധികം മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. വീണ്ടും സുമിത്​ കുമാറിന്‍റെ ഊഴം. ഇത്തവണ ജയന്ത്​ യാദവിന്‍റെ മികച്ച ക്യാച്ച്​. 25 പന്തു നേരിട്ട അസ്​ഹർ രണ്ടു ​വീതം ഫോറും സിക്​സുമടക്കമാണ്​ 35ലെത്തിയത്​.

നിലയുറപ്പിച്ച ബാറ്റ്​സ്​മാന്മാർ മടങ്ങിയതോടെ സചിൻ ബേബിയും വിഷ്​ണു വിനോദും ക്രീസിലൊന്നിച്ചു. കൂറ്റനടികൾക്ക്​ മുതിരാതെ തുടക്കത്തിൽ ക്രീസിൽ പിടിച്ചുനിൽക്കാനായിരുന്നു ഇരുവരുടെയും ശ്രമം. 16ാം ഒാവറിൽ ചഹലിന്‍റെ ആദ്യ രണ്ടു പന്തുകളെ ലോങ്​ ഓഫിലേക്ക്​ സിക്​സിനു പറത്തി സചിൻ ബേബി വിജയലക്ഷ്യത്തിലേക്ക്​ പൊരുതാനിറങ്ങി. എന്നാൽ, അതേ ഓവറി​െല നാലാം പന്തിൽ പന്ത്​ അതിർത്തി കടത്താനൊരുങ്ങിയ വിഷ്​ണുവിനെ (10​ പന്തിൽ 10) അതിർവരക്കരികെ സുമിത്​ കുമാർ പിടികൂടി.

എന്നാൽ, മറുവശത്ത്​ സൽമാൻ നിസാറിനെ കാഴ്ചക്കാരനാക്കി നിർത്തി സചിൻ തകർത്തടിക്കുകയായിരുന്നു. അർധശതകവും പിന്നിട്ട്​ കുതിച്ച ആ ഇന്നിങ്​സിനൊപ്പം ചേരാൻ സൽമാന്​ കഴിഞ്ഞില്ല. നേരിട്ട ആദ്യനാലു പന്തുകളിൽനിന്ന്​ സൽമാൻ ഒരു റൺ പോലും എടുത്തില്ല. അവസാന ഘട്ടത്തിൽ റൺസ്​ കണ്ടെത്താൻ കഴിയാതെ കുഴങ്ങിയ സൽമാൻ ഏഴു പന്തു നേരിട്ട്​ എടുത്തത്​ അഞ്ചു റൺസ്​ മാത്രം. അവസാന ഓവറിൽ പുറത്തായി മടങ്ങുകയും ചെയ്​തു. 36 പന്തിൽ മൂന്നു ഫോറും ആറു സിക്​സുമുതിർത്ത സചിൻ രണ്ടു പന്തു മാത്രം ശേഷിക്കേ റണ്ണൗട്ടായി മടങ്ങി. അവസാന ഓവറിൽ 12 റൺസ്​ വേണ്ടിയിരിക്കേ, വിജയത്തിന്​ നാലു റൺസിപ്പുറം കേരളത്തിന്​ നിരാശരായി തിരിച്ചുകയറേണ്ടിവന്നു.

നേരത്തേ, ശിവം ചൗഹാൻ (34 പന്തിൽ 59), ചൈതന്യ ബിഷ്​ണോയി (29 പന്തിൽ 45), രാഹുൽ തെവാത്തിയ (26 പന്തിൽ 41 നോട്ടൗട്ട്) എന്നിവർ മികവു കാട്ടിയപ്പോൾ ഹരിയാന മികച്ച ടോട്ടൽ എത്തിപ്പിടിക്കുകയായിരുന്നു. അരുൺ ചപ്രാന (10), ഹിമാൻഷു റാണ (ആറ്​) എന്നിവരെ കേരളം എളുപ്പം പുറത്താക്കിയപ്പോൾ ഹരിയാന രണ്ടിന്​ 43 റൺസെന്ന നിലയിലായിരുന്നു. പിന്നീട്​ യാഷു ശർമ പൂജ്യത്തിനും രോഹിത്​ ശർമ നാലു റൺസിനും പുറത്തായതോടെ 12ാം ഓവറിൽ അഞ്ചിന്​ 102 റൺസെന്ന നിലയിലായി അവർ. എന്നാൽ, ചൗഹാനും തെവാത്തിയയും അവസാനഘട്ടത്തിൽ​ അടിച്ചു തകർത്തതോടെ മികച്ച സ്​കോർ കണ്ടെത്തുകയായിരുന്നു. ചൗഹാൻ ആറു ഫോറും ഒരു സിക്​സുമുതിർത്തപ്പോൾ ഐ.പി.എല്ലിൽ കൂറ്റനടികളിൽ താരമായ തെവാത്തിയ നാലു ഫോറും രണ്ടു സിക്​സുമടിച്ചു. കേരള നിരയിൽ സചിൻ ബേബിയും ജലജ്​ സക്​സേനയും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.

എലീറ്റ്​ ഗ്രൂപ്​ 'ഇ'യിൽ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഹരിയാന 20 പോയന്‍റുമായി ഒന്നാം സ്​ഥാനക്കാരായി നോക്കൗട്ട്​ റൗണ്ടിലേക്ക്​ മുന്നേറി. കേരളത്തിന്​ അഞ്ചു കളികളിൽ മൂന്നു ജയവുമായി 12 പോയന്‍റാണുള്ളത്​​.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.