മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന് 199 റൺസ് വിജലക്ഷ്യം. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കേരളത്തിന് ബൗളിങ്ങിൽ തിളങ്ങാനായില്ല. ശിവം ചൗഹാൻ (34 പന്തിൽ 59), ചൈതന്യ ബിഷ്ണോയി (29 പന്തിൽ 45), രാഹുൽ തെവാത്തിയ (26 പന്തിൽ 41 നോട്ടൗട്ട്) എന്നിവർ മികവു കാട്ടിയപ്പോൾ ഹരിയാന മികച്ച ടോട്ടൽ എത്തിപ്പിടിക്കുകയായിരുന്നു.
അരുൺ ചപ്രാന (10), ഹിമാൻഷു റാണ (ആറ്) എന്നിവരെ കേരളം എളുപ്പം പുറത്താക്കിയപ്പോൾ ഹരിയാന രണ്ടിന് 43 റൺസെന്ന നിലയിലായിരുന്നു. പിന്നീട് യാഷു ശർമ പൂജ്യത്തിനും രോഹിത് ശർമ നാലു റൺസിനും പുറത്തായതോടെ 12ാം ഓവറിൽ അഞ്ചിന് 102 റൺസെന്ന നിലയിലായി അവർ. എന്നാൽ, ചൗഹാനും തെവാത്തിയയും പിന്നീട് അടിച്ചു തകർത്തതോടെ മികച്ച സ്കോർ കണ്ടെത്തുകയായിരുന്നു. ചൗഹാൻ ആറു ഫോറും ഒരു സിക്സുമുതിർത്തപ്പോൾ ഐ.പി.എല്ലിൽ കൂറ്റനടികളാൽ താരമായ തെവാത്തിയ നാലു ഫോറും രണ്ടു സിക്സുമടിച്ചു. കേരള നിരയിൽ സചിൻ ബേബിയും ജലജ് സക്സേനയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
എലീറ്റ് ഗ്രൂപ് ഇ യിൽ ആദ്യ നാലു കളികളും ജയിച്ച ഹരിയാനയാണ് ഒന്നാമത്. മൂന്നു കളികൾ ജയിച്ച കേരളം രണ്ടാമതാണ്. നോക്കൗട്ട് സ്വപ്നങ്ങൾ പൂവണിയാൻ കേരളത്തിന് ഇന്ന് ജയിച്ചേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.