‘കീപ്പിങ്ങിലെ മികവ് നോക്കിയാലും അവൻ സഞ്ജുവിനേക്കാൾ മികച്ചവനാണ്’; പന്തിനെ പിന്തുണച്ച് ഗവാസ്കർ

മുംബൈ: ട്വന്റി 20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ആരെ കളിപ്പിക്കണമെന്ന ചർച്ച ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാകുന്നതിനിടെ പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. വിക്കറ്റ് കീപ്പറുടെ റോളിൽ സഞ്ജു സാംസണേക്കാൾ മിടുക്കൻ ഋഷഭ് പന്താണെന്നും കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അവനാണെന്നും ചൂണ്ടിക്കാട്ടിയ ഗവാസ്കർ, ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സെലക്ടർമാർ തെരഞ്ഞെടുക്കുക പന്തിനെയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

‘വിക്കറ്റ് കീപ്പിങ്ങിലെ കഴിവുകൾ താരതമ്യം ചെയ്താൽ, സാംസണേക്കാൾ മികച്ചവൻ ഋഷഭ് പന്താണ്. നമ്മൾ ഇവിടെ ബാറ്റിങ്ങിനെക്കുറിച്ചല്ല സംസാരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പന്ത് മികച്ച ബാറ്റിങ് പ്രകടനവും പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസൺ ഐ.പി.എൽ സീസൺ ഗംഭീരമായി ആരംഭിക്കുകയും ഏറെ റൺസ് നേടുകയും ചെയ്തു. എന്നാൽ, അവസാനത്തെ ഏതാനും മത്സരങ്ങളെടുത്താൽ മികച്ച പ്രകടനം നടത്തിയത് ഋഷബ് പന്താണ്. ബംഗ്ലാദേശിനെതിരായ മത്സരം സഞ്ജുവിന് ഒരു അവസരമായിരുന്നു. അദ്ദേഹം 50-60 സ്‌കോർ ചെയ്‌തിരുന്നെങ്കിൽ പിന്നെ ചോദ്യം ഉണ്ടാകുമായിരുന്നില്ല. എന്നാലിപ്പോൾ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ഋഷഭ് പന്തിനെ കീപ്പറായി നിയമിക്കുമെന്ന് എനിക്ക് തോന്നുന്നു’ –ഗവാസ്കർ ഒരു സ്പോർട്സ് മാധ്യമത്തോട് പ്രതികരിച്ചു.

ട്വന്റി 20 ലോകകപ്പിന് മുമ്പ് ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ നായകൻ രോഹിത് ശർമക്കൊപ്പം ഓപണറായെത്തിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രമെടുത്ത് വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അതേസമയം ഋഷഭ് പന്ത് 32 പന്തിൽ 53 റണ്‍സടിച്ച് തിളങ്ങുകയും ചെയ്തു.

Tags:    
News Summary - 'He is better than Sanju in terms of keeping'; Gavaskar supporting the ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.