ജൊഹാനസ്ബർഗ്: കുട്ടിക്രിക്കറ്റിൽ വമ്പന്മാർ തങ്ങൾ തന്നെയെന്ന് അടിവരയിട്ടാണ് ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിൽനിന്ന് തിരികെ പറക്കുന്നത്. നാല് മത്സര പരമ്പയിൽ മൂന്നിലും ജയം നേടിയാണ് ഇന്ത്യ പരമ്പര പിടിച്ചത്. മലയാളി താരം സഞ്ജു സാംസണും തിലക് വർമയും ചേർന്ന് പ്രോട്ടീസ് ബോളർമാരെ പഞ്ഞിക്കിടുന്ന കാഴ്ചക്കാണ് വെള്ളിയാഴ്ച ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തിയ ഇരുവരും ദക്ഷിണാഫ്രിക്കക്കെതിരെ റെക്കോഡ് സ്കോറാണ് സ്വന്തമാക്കിയത്. ഇരുവരും സെഞ്ച്വറി നേടിയ മത്സരത്തിൽ നിരവധി റെക്കോഡുകൾ പിറന്നു.
- 23 സിക്സറുകൾ: സഞ്ജുവിന്റെയും (109*) തിലകിന്റെയും (120*) സെഞ്ച്വറികൾ ഹൈലൈറ്റായ ഇന്ത്യയുടെ ഇന്നിങ്സിൽ 23 സിക്സുകളാണ് പിറന്നത്. ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഇന്നിങ്സുകളുടെ പട്ടികയിൽ മൂന്നാമതാണിത്. കഴിഞ്ഞ മാസം ഗാംബിയക്കെതിരെ സിംബാബ്വെ 27 സിക്സടിച്ചതാണ് ഒന്നാമത്. ഇന്ത്യക്കായി സഞ്ജു ഒമ്പതും തിലക് പത്തും അഭിഷേക് ശർശ നാല് സിക്സും നേടി.
- രണ്ടാം വിക്കറ്റിൽ വമ്പൻ കൂട്ടുകെട്ട്: സഞ്ജുവും തിലകും ചേർന്ന് രണ്ടാം വിക്കറ്റിൽ 93 പന്തിൽ 210 റൺസാണ് അടിച്ചെടുത്തത്. ടി20യിൽ രണ്ടാം വിക്കറ്റിൽ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ഏതു വിക്കറ്റിലും ഇന്ത്യുടെ വലുതും, ട്വന്റി20 ക്രിക്കറ്റിലാകെ ഏറ്റവും വലിയ ആറാമത്തെ കൂട്ടുകെട്ടുമാണിത്.
- അതിവേഗത്തിൽ 200: 14.1 ഓവറിലാണ് ടീം ഇന്ത്യ 200 പിന്നിട്ടത്. ട്വന്റി20യിൽ മൂന്നാമത്തെ വേഗമേറിയ 200 ആണിത്.
- ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടീം ടോട്ടൽ: കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നേടിയ 297 ആണ് ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന ടീം ടോട്ടൽ. ഇതിനു തൊട്ടുപിന്നിൽ വരുന്ന സ്കോറാണ് വെള്ളിയാഴ്ച വാണ്ടറേഴ്സിൽ പിറന്നത്.
- സഞ്ജുവിന് മൂന്നാം ടി20 സെഞ്ച്വറി: സഞ്ജു തന്റെ ട്വന്റി20 കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇന്നലെ അടിച്ചെടുത്തത്. മൂന്നും പിറന്നത് ഒറ്റ കലണ്ടർ വർഷമാണ്. ഒരു വർഷം മൂന്ന് ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു പോക്കറ്റിലാക്കി.
- തിലകിന് തുടർച്ചയായ സെഞ്ച്വറികൾ: മൂന്നാം ടി20യിൽ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ തിലക് സെഞ്ച്വറി നേടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് വെള്ളിയാഴ്ച വാണ്ടറോഴ്സിൽ കണ്ടത്. ഇതോടെ തുടർച്ചയായി രണ്ട് ടി20 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം തിലകിനെ തേടിയെത്തി. സഞ്ജുവാണ് ആദ്യത്തെയാൾ. ഇരുവരെയും കൂടാതെ ഫ്രാൻസിന്റെ ഗുസ്താവ് മകോൺ, ദക്ഷിണാഫ്രിക്കയുടെ റിലി റൂസോ, ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
- ‘ഇരട്ട’ സെഞ്ച്വറി: ഐ.സി.സിയുടെ ഫുൾ മെമ്പറായ രണ്ട് ടീമുകൾ തമ്മിലുള്ള ടി20 മത്സരത്തിൽ ആദ്യമായാണ് രണ്ട് ബാറ്റർമാർ സെഞ്ച്വറി നേടുന്നത്. ആകെ മൂന്നാമത്തെ തവണ മാത്രവും.
- ദക്ഷിണാഫ്രിക്കക്കെതിരെ ഉയർന്ന സ്കോർ: ടി20 ഫോർമാറ്റിൽ പ്രോട്ടീസിനെതിരെ ഒരു ടീം നേടുന്ന ഉയർന്ന ഇന്നിങ്സ് സ്കോറാണ് ഇന്നലെ വാണ്ടറേഴ്സിൽ പിറന്നത്. കഴിഞ്ഞ വർഷം വെസ്റ്റിൻഡീസ് കുറിച്ച മൂന്നിന് 258 എന്ന സ്കോറാണ് പഴങ്കഥയായത്.
ഇന്ത്യയുടെ വമ്പൻ സ്കോർ പിന്തുടർന്നിറങ്ങിയ പ്രോട്ടീസ് നിര 18.2 ഓവറിൽ 148ന് പുറത്തായി. 29 പന്തിൽ 43 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകൾ പിഴുതു. 135 റൺസിനാണ് ഇന്ത്യയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.