ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി20യില്‍ തകർപ്പൻ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസൺ ആരാധകരുടെ പ്രശംസ നേടുകയാണ്. മത്സരത്തിൽ 109 റൺസ് നേടി പുറത്താകാതെ നിന്ന താരം ഒമ്പത് സിക്സുകളാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ സഞ്ജുവിന്റെ ബാറ്റിൽനിന്ന് പാഞ്ഞ പന്ത് മുഖത്ത് തട്ടി ഗാലറിയിലിരുന്ന യുവതിക്ക് പരിക്കേറ്റതിന്റെ വിഡിയോ വൈറലായി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറിലാണ് സംഭവം.
സ്റ്റബ്സിന്റെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്‌സര്‍ അടിക്കുകയായിരുന്നു. ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പന്ത് ബൗണ്ടറിക്ക് അപ്പുറത്തേക്ക് പറന്നു. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെ യുവതിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. സ്ട്രൈക്ക് എൻഡിൽ നിൽക്കുകയായിരുന്ന സഞ്ജു ഇത് കാണുകയും ആംഗ്യത്തിലൂടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ചോദിക്കുന്നതു കാണാം. പിന്നാലെ മറ്റൊരാൾ ഐസ് വെച്ചുകൊടുക്കുന്നതും വിഡിയോയിലുണ്ട്.
സഞ്ജുവിന്റേയും തിലക് വർമയുടെ മിന്നുന്ന സെഞ്ച്വറികളിലൂടെ ഇന്ത്യ ഒന്നിന് 283 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏതൊരു രാജ്യവും നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ഇത്. ഒരേ ടി20 ഇന്നിംഗ്‌സിൽ രണ്ട് ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടിയെന്ന സവിശേഷതയുമുണ്ട്. സഞ്ജുവും തിലകും ചേർന്ന് ടി20 ഇൻ്റർനാഷണലിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കുറിച്ചു - രണ്ടാം വിക്കറ്റിൽ വെറും 93 പന്തിൽ 210 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറിൽ 148 റൺസിൽ അവസാനിച്ചു. 135 റൺസിന്റെ വൻ മാർജിനിൽ ജയിച്ച് 3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.