'ഉയർന്ന പ്രതിഫലം, പക്ഷെ അവർക്ക് അമിതവണ്ണം'; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസിനെ വിമർശിച്ച് മുൻ പാക് നായകൻ

ആസ്ട്രേലിയക്കെതിരെ തോൽവി വഴങ്ങിയ മൊഹാലി ട്വന്‍റി20യിൽ ഇന്ത്യൻ താരങ്ങളുടെ മോശം ഫീൽഡിങ് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. മത്സരത്തിൽ 208 റൺസ് എന്ന വലിയ സ്കോർ നേടിയിട്ടും ഓസീസ് നാലു പന്തു ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

നാലു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. മത്സരത്തിൽ നിർണായകമായ മൂന്നു ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. കമറോൺ ഗ്രീനിന്‍റെയും മാത്യു വേഡിന്‍റെയും ബാറ്റിങ് കരുത്തിലാണ് ഓസീസ് വിജയം. ഇരുവരെയും നേരത്തെ പുറത്താക്കാനുള്ള സുവർണാവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനു പിന്നാലെ താരങ്ങളുടെ ഫിറ്റ്നസിനെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ പാകിസ്താൻ നായകൻ സൽമാൻ ഭട്ട്. ചില ഇന്ത്യൻ താരങ്ങൾക്ക് അമിതവണ്ണമാണെന്ന് താരം പറയുന്നു.

ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് എന്തുകൊണ്ട് ഫിറ്റ്നസില്ലെന്ന് ഭട്ട് ചോദിക്കുന്നു. 'ലോക ക്രിക്കറ്റിൽ ഏറ്റവും പ്രതിഫലമുള്ളത് ഇന്ത്യൻ താരങ്ങൾക്കാണ്. അവർ പരമാവധി മത്സരങ്ങൾ കളിക്കുന്നുണ്ട്. എന്തുകൊണ്ട് അവർക്ക് ഫിറ്റ്നസില്ലെന്ന് നിങ്ങൾ പറയു. ഇന്ത്യൻ താരങ്ങളേക്കാൾ ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് ടീം അംഗങ്ങളുടെ ശരീരഘടന വളരെ മികച്ചതാണ്. മറ്റു ഏഷ്യൻ ടീമുകൾ പോലും ഇന്ത്യൻ താരങ്ങളേക്കാൾ മികച്ചതാണ്. ഏതാനും ഇന്ത്യൻ താരങ്ങൾക്ക് അമിത വണ്ണമാണ്. ഇന്ത്യൻ താരങ്ങൾ മിടുക്കരായ ക്രിക്കറ്റ് കളിക്കാരയതിനാൽ അവർ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം' -ഭട്ട് യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി, ഹാർദിക് പണ്ഡ്യ, രവീന്ദ്ര ജദേജ എന്നീ താരങ്ങൾ മികച്ച ഫിറ്റ്നസ്സുള്ളവരാണ്. രോഹിത് ശർമയും ഋഷഭ് പന്തും അവരുടെ ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധിക്കണം. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ കെ.എൽ. രാഹുൽ മൈതാനത്ത് കൂടുതൽ അലസനായിരുന്നെന്നും ഭട്ട് പ്രതികരിച്ചു.

Tags:    
News Summary - Highest-paid but some are overweight: Former Pakistan captain aims a dig at Indian players over fitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.