‘എത്ര പെട്ടെന്നാണ് അയാൾ വീണ്ടും ദേശദ്രോഹിയും പാകിസ്താൻകാരനും ആകുന്നത്; അഭിനന്ദിക്കും മുമ്പ് നമ്മളോരോരുത്തരും ആയിരം വട്ടം മാപ്പുപറയണം’

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ മുഹമ്മദ് ഷമിയുടെ തകർപ്പൻ ബൗളിങ്ങിന്റെയും വിരാട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും അത്യുജ്വല സെഞ്ച്വറികളുടെയും ബലത്തിൽ ന്യൂസിലാൻഡിനെ തോൽപിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ വിരാട് കോഹ്‍ലിയുടെ 50ാം സെഞ്ച്വറി നേട്ടത്തിനപ്പുറം ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്തത് മുഹമ്മദ് ഷമി എന്ന ബൗളറെ കുറിച്ചാണ്. ന്യൂസിലാൻഡിന്റെ ആദ്യ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ഷമി, ക്രീസിൽ നിലയുറപ്പിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞതോടെ അതിവേഗമാണ് പ്രതിനായകനായത്. സമൂഹ മാധ്യമങ്ങളിൽ ഷമിയെ രാജ്യദ്രോഹിയാക്കി സംഘ്പരിവാർ ഹാൻഡിലുകൾ രംഗത്തെത്തി. എന്നാൽ, അഞ്ചുവിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യയെ ഫൈനലിൽ എത്തിച്ചാണ് ഷമി ഇവരുടെ വായടപ്പിച്ചത്.

നിരവധി പേരാണ് പിന്നീട് ഈ വിഷയം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വെറുപ്പിന്റെ പ്രചാരകരെ തുറന്നുകാട്ടിയത്. ഇതിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു സിനിമ ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ കുറിപ്പ്. എത്രപെട്ടെന്നാണ് അയാൾ വീണ്ടും ദേശദ്രോഹിയും പാകിസ്താൻകാരനും ആകുന്നതെന്നും ആ മനുഷ്യനെ അഭിനന്ദിക്കും മുമ്പ് നമ്മളോരോരുത്തരും അയാളോട് ആയിരം വട്ടം മാപ്പുപറയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2021ലെ ട്വന്റി 20 മാച്ചിൽ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോൾ മുഹമ്മദ് ഷമി എന്ന പേര് കാരണം അയാൾ നിമിഷങ്ങൾക്കുള്ളിൽ രാജ്യദ്രോഹിയും ഒറ്റുകാരനുമായ സംഭവവും ഹരിനാരായണൻ ഓർമിപ്പിച്ചു. നിരവധി പേരാണ് കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ ​പൂർണരൂപം:

ഇന്നത്തെ മത്സരത്തിൽ കെയിൻ വില്യംസന്റെ ക്യാച്ച് മുഹമ്മദ് ഷമി വിട്ടപ്പോൾ ഒരു സുഹൃത്ത് ചില ട്വിറ്റർ കമന്റുകളുടെ സ്ക്രീൻ ഷോട്ട് അയച്ചു തന്നു..! (ഇവിടെ പതിക്കുന്നില്ലെന്ന് മാത്രം). എത്രപെട്ടെന്നാണ് അയാൾ വീണ്ടും ദേശദ്രോഹിയും പാകിസ്താൻകാരനും ആകുന്നത്. എറിഞ്ഞ ആദ്യ പന്തിൽ വിക്കറ്റെടുത്ത്, ആ സമയം ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നിൽക്കുമ്പോഴാണെന്ന് ഓർക്കണം. പിന്നെ വീണ്ടും അഞ്ചു വിക്കറ്റ് കൂടി എടുത്തപ്പോൾ ഷമി വീണ്ടും ഹീറോയായി.

2021ലെ ട്വന്റി 20 മാച്ചിൽ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോൾ അയാൾ നിമിഷങ്ങൾക്കുള്ളിൽ രാജ്യദ്രോഹിയും ഒറ്റുകാരനുമായി. അന്ന് കളിച്ച പതിനൊന്നു പേരിൽ ഒരാൾ മാത്രമായിരുന്നു ആ പതിനൊന്നാം നമ്പറുകാരൻ. പക്ഷെ അയാൾ പാകിസ്താനിലേക്ക് പോകേണ്ടവനായി. കാരണം, അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

തൊട്ടുമുമ്പ് നടന്ന ഏഷ്യാ കപ്പിൽ പലപ്പോഴും അയാൾ മൈതാനത്തിന് പുറത്തായിരുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും അയാൾ പുറത്ത് തന്നെ. വിന്നിങ് കോമ്പിനേഷനുവേണ്ടി (ഷാർദുൽ ടാക്കൂറിന് വേണ്ടി എന്നത് മറ്റൊരു തമാശ). അതിനിടക്ക് ഏതോ ഇന്റർവ്യൂവർ ഷമിയോട് ചോദിച്ചു, ‘പുറത്തിരിക്കുന്നതിൽ വിഷമമില്ലേ?’. ഷമി ചിരിച്ചുകൊണ്ട് പറഞ്ഞു, "ടീം ജയിക്കുകയല്ലേ, ഞാനുണ്ടോ എന്നതല്ല വിഷയം, ടീം ജയിക്കുന്നതാണ് സന്തോഷം".

Full View

അയാൾക്ക് ചിരിക്കാനേ കഴിയൂ. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്. ഒടുവിൽ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റ് ആദ്യ മത്സരം, അതിൽ അഞ്ച് വിക്കറ്റ്, അടുത്തതിൽ നാല്, വീണ്ടും അഞ്ച്. എന്നിട്ടും ഒരു ക്യാച്ച് വിട്ടപ്പോൾ അയാൾ രാജ്യദ്രോഹി!! കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

ഇനി അയാൾ ഫൈനൽ കളിക്കാൻ പോകുന്നതോ അഹമ്മദാബാദിലേക്ക്. ഏഴ് മാസം മുമ്പ്, മാർച്ചിൽ ഇന്ത്യ-ആസ്ത്രേലിയ നാലാം ടെസ്റ്റിൽ ജയ് ശ്രീറാം വിളിച്ചാണ് അവിടെയുള്ള ഒരു കൂട്ടം ആരാധകർ അയാളെ അറ്റാക്ക് ചെയ്തത്. കാരണം, അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

ഫൈനലിലും ആ ഭയപ്പാടോടെയാവണം അയാൾ കളിക്കുക. ഒരു ക്യാച്ച് വിട്ടാൽ, ഒരു മിസ് ഫീൽഡ് വന്നാൽ, റൺ വഴങ്ങിയാൽ അയാൾ വീണ്ടും രാജ്യദ്രോഹിയാവും' കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

എത്ര വിക്കറ്റ് വീഴ്ത്തിയാലാവും അയാൾക്കാ പേര് മാറിക്കിട്ടുക, പത്തിൽ പത്ത് അതോ പതിന്നൊന്ന്?. അയാൾ വിക്കറ്റ് വീഴ്ത്തിക്കൊണ്ടേയിരിക്കും. അത്രമേൽ തീ കൊണ്ട കാലത്തിലൂടെ നടന്നു കയറിയതാണ്. മൂന്ന് ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവനാണ്. വിക്കറ്റ് വീഴ്ത്താതെ അയാൾക്ക് വേറെ നിവൃത്തിയില്ല. ഒരു അബദ്ധം പിണഞ്ഞാൽ എല്ലാം തീർന്നു. കാരണം അയാളുടെ പേര്, വിരാട് കോലിയെന്നോ ജസ്പ്രീത് ബുംറയെന്നോ രോഹിത് ശർമയെന്നോ അല്ല. മുഹമ്മദ് ഷമി എന്നാണ്. ആ മനുഷ്യനെ അഭിനന്ദിക്കും മുമ്പ് നമ്മളോരോരുത്തരും അയാളോട് ആയിരം വട്ടം മാപ്പു പറയേണ്ടതുണ്ട്.

Tags:    
News Summary - 'How soon he becomes a traitor and a Pakistani again, each of us must apologize a thousand times before congratulating him'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.