ദുബൈ: ടോസ് നേടി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച ഡൽഹി കാപ്പിറ്റൽസ് നായകൻ ശ്രേയസ് അയ്യർ ചെയ്ത മണ്ടത്തരമോർത്ത് തലയിൽ കൈവെച്ചിരിക്കണം. 219 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനോട് 88 റൺസിെൻറ കനത്ത പരാജയം ഏറ്റുവാങ്ങാനായിരുന്നു ഡൽഹിയുടെ വിധി. ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും ബാറ്റിങ്ങിൽ വലിച്ചുകീറിയ ഡൽഹിയെ റാഷിദ് ഖാൻ ബൗളിങ്ങിൽ തേച്ചൊട്ടിക്കുകയായിരുന്നു.
വിജയം അനിവാര്യമായ മത്സരത്തിൽ പത്തരമാറ്റോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉദിച്ചുയർന്നത്. 34 പന്തുകളിൽ നിന്നും 66 റൺസെടുത്ത വാർണറും 45 പന്തുകളിൽ 87 റൺസെടുത്ത സാഹയും ചേർന്ന് ഡൽഹിയെ ക്രൂരമായി മർദിച്ചു. അവസാന ഓവറുകളിൽ മനീഷ് പാണ്ഡേക്കും കെയ്ൻ വില്യംസണും വമ്പനടികൾക്ക് കഴിയാതിരുന്നതാണ് ഹൈദരാബാദിെൻറ സ്കോർ 219ലൊതുക്കിയത്. പാണ്ഡേ 44 റൺസെടുത്തു. ടൂർണമെൻറിലെ വിക്കറ് വേട്ടക്കാരിൽ മുമ്പനും ഡൽഹിയുടെ കുന്തമുനയുമായ കാഗിസോ റബാദ വിക്കറ്റൊന്നും ലഭിക്കാതെ നാലോവറിൽ 54 റൺസാണ് വഴങ്ങിയത്.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിയുടെ വിധി ആദ്യ ഓവറിലേ തീരുമാനമായിരുന്നു. ഫോമിലുള്ള ശിഖർധവാൻ ഗോൾഡൻ ഡക്കായി പുറത്ത്. ആജിൻക്യ രഹാനെ (26), മാർകസ് സ്റ്റോയ്നിസ് (5), ഹെറ്റ്മെയർ (16), റിഷഭ് പന്ത് (36), ശ്രേയസ് അയ്യർ (7), അക്സർ പട്ടേൽ (1) തുടങ്ങിയവരും പിന്നാലെ ഘോഷയാത്ര തുടങ്ങി. നാലോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാൻ ട്വൻറി 20യിലെ ഏറ്റവും മികച്ച സ്പിന്നർ താനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
വമ്പൻ തോൽവിയോടെ റൺറേറ്റ് കുറഞ്ഞ് 14 പോയൻറുമായി ഡൽഹി മൂന്നാംസ്ഥാനത്തേക്കിറങ്ങിയപ്പോൾ വൻ ജയത്തോടെ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.