‘നിര്‍ഭാഗ്യവാനായ ക്രിക്കറ്ററല്ല, കരുതിയതിനേക്കാള്‍ അപ്പുറത്താണ് എത്തിനില്‍ക്കുന്നത്’; മനസ്സ് തുറന്ന് സഞ്ജു

ഇന്ത്യന്‍ ടീമില്‍നിന്ന് നിരന്തരം തഴയപ്പെടുന്ന മലയാളി താരം സഞ്ജു സാംസണെ നിർഭാഗ്യവാനായ ക്രിക്കറ്ററെന്നാണ് ആരാധകർ വിളിക്കുന്നത്. ഓരോ തവണ ടീമിൽനിന്ന് മാറ്റി നിർത്തുമ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വലിയ പ്രതിഷേധം ഉണ്ടാകാറുണ്ട്.

ഏകദിന ലോകകപ്പ് ടീമില്‍ ഇടംനേടാതിരുന്ന സഞ്ജുവിനെ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകിയ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. പതിവുപോലെ താരത്തെ പിന്തുണച്ചും ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞും സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ചും ആരാധകർ രംഗത്തുവന്നു. എന്നാൽ, താൻ നിർഭാഗ്യവാനായ ക്രിക്കറ്ററല്ലെന്ന് സഞ്ജു പറയുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ‘നിർഭാഗ്യവാനായ ക്രിക്കറ്ററെന്നാണ് ജനം എന്നെ വിളിക്കുന്നത്, പക്ഷേ നിലവിൽ ഞാൻ എത്തിനിൽക്കുന്നത്, ഞാന്‍ കരുതിയതിനേക്കാള്‍ അപ്പുറത്താണ്’ -സഞ്ജു പറഞ്ഞു. ഇന്ത്യൻ നായകൻ രോഹിത് ശർമയുമായുള്ള ബന്ധത്തെ കുറിച്ചും താരം അഭിമുഖത്തിൽ പയുന്നുണ്ട്.

രോഹിത് വലിയ പിന്തുണ നൽകിയിരുന്നതായി താരം പറയുന്നു. ‘എന്നോടുവന്ന് സംസാരിച്ച ആദ്യത്തെയോ, രണ്ടാമത്തെയോ ആള്‍ രോഹിത് ഭായ് ആയിരുന്നു. എങ്ങനെയുണ്ട് സഞ്ജു, എങ്ങനെ പോകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിങ്ങള്‍ നന്നായി കളിച്ചു, മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സുകൾ അടിച്ചു! നിങ്ങള്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്നു’ -രോഹിത് പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. ആദ്യ കളിയിൽ സൗരാഷ്ട്രയെ മൂന്നു വിക്കറ്റിന് തോൽപിച്ച കേരളം, രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടു.

Tags:    
News Summary - I had great support from captain Rohit Sharma -Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.