ന്യൂഡൽഹി: കടുത്ത വിഷാദരോഗങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങൾ വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപണർ റോബിൻ ഉത്തപ്പ. മുൻ ഇംഗ്ലണ്ട് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് വിഷാദരോഗം ബാധിച്ചാണ് ജീവനൊടുക്കിയത് എന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് റോബിൻ ഉത്തപ്പ സ്വന്തം അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് ദുരനുഭവങ്ങളുടെ കെട്ടഴിച്ചത്. "ക്രിക്കറ്റ് മൈതാനത്ത് ഞാൻ നിരവധി പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്, പക്ഷേ വിഷാദരോഗവുമായി പോരാടിയതുപോലെ കഠിനമായ ഒന്നില്ല. മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള നിശബ്ദത ഞാൻ വെടിയുകയാണ്, കാരണം ഞാൻ തനിച്ചല്ലെന്ന് എനിക്കറിയാം." - എക്സിൽ പങ്കുവെച്ച വിഡിയോയുടെ ആമുഖമായി ഉത്തപ്പ കുറിച്ചു.
"ഗ്രഹാം തോർപ്പിനെക്കുറിച്ച് കേട്ടിരുന്നു, വിഷാദരോഗം മൂലം ജീവിതം അവസാനിപ്പിച്ച നിരവധി താരങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നിങ്ങൾ ഒരു ഭാരമാണെന്ന് നിങ്ങൾക്ക് തോന്നിതുടങ്ങും. നിങ്ങളെ കൊണ്ട് ഒരു കാര്യവുമില്ലെന്ന് തോന്നും. 2011ൽ ഞാൻ ഓർക്കുന്നു, മനുഷ്യനായി ജനിച്ചതിൽ ലജ്ജ തോന്നി. കണ്ണാടിയിൽ എന്നെത്തന്നെ നോക്കാൻ പോലും എനിക്ക് ഭയമായിരുന്നു."-ഉത്തപ്പ് വിഡിയോയിൽ പങ്കുവെക്കുന്നു.
അതേസമയം, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിട്ടെങ്കിലും 38കാരനായ റോബിൻ ഉത്തപ്പ കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. 2007 ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിന്റെ ഭാഗമായിരുന്നു ഉത്തപ്പ ഒമ്പത് വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 46 ഏകദിനങ്ങളും 13 ട്വന്റി 20കളും കളിച്ചു. 2022 ലാണ് ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , പൂനെ വാരിയേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.