ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയത് സാങ്കേതിക പിഴവ്; ക്ഷമ ചോദിച്ച് ഐ.സി.സി

ദുബൈ: ആസ്ട്രേലിയയെ മറികടന്ന് ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയതിനു പിന്നിൽ സാങ്കേതിക പിഴവാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ചരിത്ര നേട്ടവുമായി ഇന്ത്യ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാമതെത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം ഐ.സി.സി ടെസ്റ്റ് റാങ്ക് പട്ടിക തിരുത്തിയിരുന്നു.

ആസ്ട്രേലിയ തന്നെ ഒന്നാമതെത്തി. ഇതോടെയാണ് വലിയ തോതിൽ ആശയക്കുഴപ്പവും സംശയവും ഉയർന്നത്. ഐ.സി.സിയുടെ നടപടിക്കെതിരെ വ്യാപക വിമർശനവുമുണ്ടായി. ട്രോളുകളും നിറഞ്ഞു. പിന്നാലെയാണ് വിശദീകരണവും ക്ഷമാപണവുമായി ഐ.സി.സി വാർത്താക്കുറിപ്പ് ഇറക്കിയത്.

‘ഇതുമൂലമുണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സിംബാബ്‌വെയുടെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിന് ശേഷവും ആസ്ട്രേലിയ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയ രണ്ടാം ടെസ്റ്റ് കളിക്കും. 126 റേറ്റിങ് പോയന്‍റുമായി ആസ്ട്രേലിയയാണ് ഒന്നാമത്. ഇന്ത്യക്ക് 115 പോയന്‍റാണുള്ളത്’ -ഐ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ ഇന്ത്യക്ക് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിന്റെയും 132 റൺസിന്റെയും ഗംഭീര വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - ICC Apologises For Ranking Glitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.