ഐസിസി പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഒക്‌ടോബർ 8 ഞായറാഴ്ച തുടക്കമാവുകയാണ്. ആസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌കർ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിനെപ്പോലുള്ളവരെ തന്റെ ടീമിൽ ഗവാസ്കർ ഉൾപ്പെടുത്തിയിട്ടില്ല. അശ്വിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈ. പരിക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായി ഇന്നലെയായിരുന്നു (വ്യാഴാഴ്ച) ലോകകപ്പ് ടീമിൽ താരത്തെ ഉൾപ്പെടുത്തിയത്.
അശ്വിനെ ടീമിലെടുത്തത് ചിലരെ ചൊടിപ്പിച്ചിരുന്നു. കാരണം, കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ഏകദിനങ്ങളിൽ മാത്രമാണ് താരം കളിച്ചത്. അതിൽ തന്നെ രണ്ട് മത്സരങ്ങൾ കഴിഞ്ഞ ആഴ്ച നടന്ന ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു.
സ്റ്റാർ സ്‌പോർട്‌സ് ഷോയിൽ സംസാരിക്കവെ, തന്റെ ടീമിൽ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെ രണ്ട് സ്പിന്നർമാരായി അദ്ദേഹം ഉൾപ്പെടുത്തി. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർക്ക് പകരം ശ്രേയസ് അയ്യരെ അദ്ദേഹം നാലാം നമ്പറായി തിരഞ്ഞെടുത്തു, കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത്. രോഹിത് ശർമ്മയും ശുഭ്‌മാൻ ഗില്ലും മെൻ ഇൻ ബ്ലൂവിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും, വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വരും.
“ഏത് ടീമിലും ആദ്യത്തെ മൂന്ന് ബാറ്റമാർ വളരെ പ്രധാനമാണ്. ഓപ്പണർമാരിൽ നിന്നുള്ള മികച്ച തുടക്കം, പിന്തുടരുന്ന മറ്റുള്ളവരെ സ്വതന്ത്രമായി കളിക്കാൻ സഹായിക്കുന്നു. ഓപ്പണിംഗ് ജോഡിയുടെ സംഭാവന നിർണായകമാകും,” -സ്റ്റാർ സ്‌പോർട്‌സിൽ ഗവാസ്‌കർ പറഞ്ഞു.
“മുഹമ്മദ് ഷമി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിങ്ങനെ നിങ്ങൾക്ക് മൂന്ന് ഫാസ്റ്റ് ബൗളർമാരെ തിരഞ്ഞെടുക്കാം. ഇനി രണ്ട് സീമർമാരെ വേണമെന്നുണ്ടെങ്കിൽ, ടീമിൽ ഹാർദിക് പാണ്ഡ്യ ഉള്ളതിനാൽ ഒരു അധിക സ്പിന്നറെ കൂടി ഉൾപ്പെടുത്തിയാൽ മതി. അപ്പോൾ അശ്വിനെ 11 അംഗ ടീമിൽ ഉൾപ്പെടുത്താം’’ - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.