അടിക്ക് അതേ നാണയത്തിൽ തിരിച്ചടി! റിസ്‍വാനും ഷഫീഖിനും സെഞ്ച്വറി; ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് പാകിസ്താൻ

ഹൈദരാബാദ്: ശ്രീലങ്കയുടെ അടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച പാകിസ്താന് ലോകകപ്പിൽ ആറു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. മുഹമ്മദ് റിസ്‍വാന്‍റെയും അബ്ദുല്ല ഷെഫീഖിന്‍റെയും സെഞ്ച്വറി കരുത്തിലാണ് ലങ്ക കുറിച്ച 345 റൺസ് എന്ന വമ്പൻ വിജയ ലക്ഷ്യം പാകിസ്താൻ 10 പന്തുകൾ ബാക്കി നിൽക്കെ മറികടന്നത്.

സ്കോർ: ശ്രിലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 344. പാകിസ്താൻ 48.2 ഓവറിൽ നാലു വിക്കറ്റിന് 345. ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 121 പന്തിൽ 131 റൺസുമായി റിസ്‍വാൻ പുറത്താകാതെ നിന്നു. താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. മൂന്നു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അബ്ദുല്ല ഷെഫീഖ് 103 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 113 റൺസെടുത്ത് പുറത്തായി. ലങ്കക്കായി കുശാൽ മെൻഡിസും സദീര സമരവിക്രമയും നേടിയ സെഞ്ച്വറികൾ പാഴായി.

മൂന്നാം വിക്കറ്റിൽ ഷഫീഖും റിസ്‍വാനും നേടിയ 176 റൺസിന്‍റെ കൂട്ടുകെട്ടാണ് പാകിസ്താൻ വിജയത്തിൽ നിർണായകമായത്. പിന്നാലെ സൗദ് ഷഖീലിനെ കൂട്ടുപിടിച്ച് റിസ്‍വാൻ ടീം സ്കോർ 300 കടത്തി. ഇമാമുൽ ഹഖ് (12 പന്തിൽ 12), നായകൻ ബാബർ അസം (15 പന്തിൽ 10), ഷഖീൽ (30 പന്തിൽ 31) എന്നിവരാണ് പുറത്തായ താരങ്ങൾ. ഇഫ്തിഖാർ അഹ്മദ് 10 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു.

ലങ്കക്കായി ദസുൻ മദുശാനക രണ്ടും മതീഷ പതിരന, മഹീ‍ഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെൻഡിസിന്റെയും സദീര സമരവിക്രമയുടെയും തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിലാണ് 344 റൺസെടുത്തത്. മെൻഡിസ് 77 പന്തിൽ ആറ് സിക്സും 14 ഫോറുമടക്കം 122 റൺസും സമരവിക്രമ 89 പന്തിൽ രണ്ട് സിക്സും 11 ഫോറുമടക്കം 108 റൺസും അടിച്ചുകൂട്ടി. ഓപണർ പതും നിസ്സംഗ അർധ സെഞ്ച്വറി നേടി. 51 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. കുശാൽ പെരേര (പൂജ്യം), ചരിത് അസലങ്ക (ഒന്ന്), ധനഞ്ജയ ഡിസിൽവ (25), ദസുൻ ഷനക (12), മഹീഷ് തീക്ഷ്ണ (പൂജ്യം), ദുനിത് വെല്ലാലഗെ (10) എന്നിവരാണ് പുറത്തായ താരങ്ങൾ.

ഒരു റണ്ണുമായി മതീഷ പതിരാന പുറത്താകാതെ നിന്നു. പാകിസ്താനായി ഹസൻ അലി പത്തോവറിൽ 71 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഊഫ് രണ്ടും ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി. ലോകകപ്പിൽ ലങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയും പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - ICC ODI World Cup:Pakistan Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.