ന്യൂഡൽഹി/കറാച്ചി: ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നതിന് പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികളെല്ലാം നിരസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സെമി ഫൈനൽ, ഫൈനൽ അല്ലാത്ത ഘട്ടങ്ങളിൽ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കുന്നതിനോട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
സുരക്ഷ കാരണങ്ങളാലായിരുന്നു ഇത്. മുംബൈയിൽ കളിക്കുന്നതിലും പാകിസ്താന് താൽപര്യമുണ്ടായിരുന്നില്ല. മുംബൈയിൽ പ്രാഥമിക റൗണ്ടിൽ മത്സരങ്ങളില്ലെങ്കിലും അഹ്മദാബാദിൽ ഇവർ ഇന്ത്യയെ നേരിടുന്നുണ്ട്. സെമി ഫൈനൽ പക്ഷേ, മുംബൈയിലാണ്. ഈ രണ്ടു വേദികളുടെ കാര്യത്തിൽ പാക് സർക്കാറിന്റെ അനുമതി വേണ്ടതുണ്ടെന്നാണ് പി.സി.ബി നിലപാട്. ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ രണ്ടു വീതം മത്സരങ്ങൾ കളിക്കും പാകിസ്താൻ.
ഒക്ടോബർ 20ന് ബംഗളൂരുവിൽ ആസ്ട്രേലിയയും 23ന് ചെന്നൈയിൽ അഫ്ഗാനിസ്താനുമാണ് എതിരാളികൾ. ഈ രണ്ടു വേദികളും പരസ്പരം മാറ്റണമെന്ന പി.സി.ബി ആവശ്യവും നിരാകരിക്കപ്പെട്ടു.
സ്പിന്നർമാരെ അകമഴിഞ്ഞ് സഹായിക്കുന്ന ചെന്നൈ പിച്ചിൽ അഫ്ഗാനെ നേരിടുക പ്രയാസമാണെന്ന വിലയിരുത്തലിലാണ് പി.സി.ബി വേദിമാറ്റ അഭ്യർഥനയുമായി രംഗത്തെത്തിയത്. ലോകകപ്പ് കളിക്കുന്നതിന് ഇന്ത്യയിൽ പോകുന്നതിനുപോലും ഇതുവരെ പാക് സർക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും പി.സി.ബി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പാകിസ്താൻ ലോകകപ്പ് കളിക്കുമെന്ന് ഐ.സി.സി അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏഷ്യ കപ്പിന് പാകിസ്താനിൽ പോകില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ, തിരിച്ച് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് പി.സി.ബിയും നിലപാടെടുത്തെങ്കിലും പിന്നീട് അയഞ്ഞു. ഏഷ്യ കപ്പ് വേദി പാകിസ്താനിൽനിന്ന് മാറ്റാതെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.