വനിതാ ട്വന്‍റി-20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.സി.സി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണ് വീഡിയോയിലെ ഹൈലൈറ്റ്. മലയാളത്തില്‍ സമീപകാലത്ത് വൈറലായ 'അടിച്ചുകേറി വാ' എന്ന ഹിറ്റ് ഡയലോഗില്‍ തുടങ്ങുന്ന രസകരമായ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോകകപ്പില്‍ പാകിസ്താനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് വിജയറണ്‍ കുറിച്ച താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ സജന. ഇന്ത്യയെ വിജയിപ്പിച്ച ശേഷം ഗ്രൗണ്ട് വിടുന്ന സജനയെ 'അടിച്ചുകേറി വാ' എന്നുപറഞ്ഞ് സന്തോഷത്തോടെ സ്വീകരിക്കുകയാണ് ആശ. പിന്നീട് സജനയും ആശയ്‌ക്കൊപ്പം 'അടിച്ചുകേറി വാ' എന്ന് പറഞ്ഞ് ഒരുമിച്ച് ഡഗ്ഗൗട്ടിലേക്ക് നടന്നുകയറുന്നതും വീഡിയോയിലുണ്ട്.
ബാക്ക്ഗ്രൗണ്ടിൽ പ്രശസ്ത മലയാള ചലചിത്ര ഗാനമായ വാ.. വാ.. താമരപ്പെണ്ണെ എന്ന പാട്ടുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം റീലിൽ ഏറെ വൈറലായ പാട്ടും ഡയലോഗുമായിരുന്നു ഇവ രണ്ടും. മോളിവുഡ് സ്റ്റാര്‍സ് എന്ന ക്യാപ്ഷനോടെ ഐസിസി പോസ്റ്റ് ചെയ്ത വീഡിയോ സജന സജീവനും പങ്കുവെച്ചിട്ടുണ്ട്.
പാകിസ്താനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ആശയും സജനയും ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ക്ക് ഒരുമിച്ച് ഇടം ലഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സ്പിന്നര്‍ ആശ ഇറങ്ങിയിരുന്നെങ്കിലും പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ സജനയ്ക്കും അവസരം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.