അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. ആറു സ്ഥാനങ്ങൾ മുന്നേറി ടെസ്റ്റിലെ മികച്ച ബോളർമാരിൽ ബുംറ നാലാമതെത്തി. ബംഗളൂരുവിൽ ശ്രീലങ്കക്കെതിരായ പിങ്ക് ടെസ്റ്റിലെ എട്ടു വിക്കറ്റ് പ്രകടനമാണ് താരത്തിന്‍റെ റാങ്കിങ് ഉയർത്തിയത്.
ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ തന്നെ ആർ. അശ്വിൻ രണ്ടും ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ മൂന്നും സ്ഥാനത്തുണ്ട്. ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി നാലു സ്ഥാനങ്ങൾ താഴ്ന്ന് ഒമ്പതിലെത്തി. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ നേടിയ 136 റൺസാണ് താരം അവസാനമായി നേടിയ സെഞ്ച്വറി.
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ 45 റൺസും രണ്ടാം ടെസ്റ്റിൽ 23 റൺസുമാണ് താരത്തിന്‍റെ സംഭാവന. ടെസ്റ്റിലെ മികച്ച 10 ബാറ്റർമാരിൽ കോഹ്ലി ഉൾപ്പെടെ മൂന്നു ഇന്ത്യൻ താരങ്ങളുണ്ട്. രോഹിത് ശർമ ആറാം സ്ഥാനത്തും ഋഷഭ് പന്ത് പത്താം സ്ഥാനത്തും. ആസ്ട്രേലിയൻ താരം മാർനസ് ലബുഷാഗെയാണ് പട്ടികയിൽ ഒന്നാമത്. ആദ്യ അഞ്ചിൽ മൂന്ന് ആസ്ട്രേലിയൻ താരങ്ങളുണ്ട്.
മൂന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തും നാലാം സ്ഥാനത്തുള്ള കെയ്ൻ വില്യംസണും. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർ 40 സ്ഥാനങ്ങൾ കയറി 37ലെത്തി. മികച്ച ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജക്ക് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റിൻഡീസിന്‍റെ ജാസൺ ഹോൾഡറാണ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ആർ. ആശ്വിൻ മൂന്നാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.