ആന്റിഗ്വ: യഷ് ധൂളും സംഘവും റെഡിയാണ്. അഞ്ചാം ലോക കിരീടധാരണത്തിന്. മുഹമ്മദ് കൈഫും വിരാട് കോഹ്ലിയും ഉൻമുക്ത് ചന്ദും പൃഥ്വിഷായും നാട്ടിയ വിജയപതാക അണ്ടർ 19 ലോക കപ്പിന്റെ ഫൈനലിൽ നാട്ടാൻ യഷ് ധൂൽ എന്ന നായകന്റെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാക്കന്മാർ ഒരുങ്ങിക്കഴിഞ്ഞു.
കരുത്തരായ ആസ്ട്രേലിയയെ 96 റൺസിന് എറിഞ്ഞുവീഴ്ത്തിയ ആവേശവുമായാണ് ഇന്ത്യൻ യൗവനങ്ങൾ ഇന്ന് അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളുടെ കരുത്തും ധാരാളിത്തവും അടയാളപ്പെടുത്തുന്നതാണ് അണ്ടർ 19 ലോകകപ്പ് ചരിത്രം. 14 ലോകകപ്പുകളിൽ എട്ടു തവണയാണ് ഇന്ത്യ ഫൈനൽ കളിച്ചത്. നാലു തവണയും കിരീടം ഇന്ത്യയിലേക്കെത്തി. 2000ൽ മുഹമ്മദ് കൈഫും സംഘവുമായിരുന്നു ശ്രീലങ്കയെ ആറു വിക്കറ്റിന് വീഴ്ത്തി ആദ്യമായി അണ്ടർ 19 ലോക കിരീടം ഇന്ത്യക്ക് നൽകിയത്. 2008ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിലായിരുന്നു രണ്ടാം കിരീടധാരണം.
ദക്ഷിണാഫ്രിക്കയെ കലാശപ്പോരിൽ 12 റൺസിന് വീഴ്ത്തിയായിരുന്നു കോഹ്ലിയും സംഘവും ചാമ്പ്യന്മാരായത്. 2012ൽ ആസ്ട്രേലിയയെ ആറു വിക്കറ്റിന് വീഴ്ത്തി ഉന്മുക്ത് ചന്ദിന്റെ നായകത്വത്തിൽ മൂന്നാം കിരീടം ചൂടി. 2018ൽ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് വീഴ്ത്തിയായിരുന്നു പൃഥ്വി ഷായും കൂട്ടരും കിരീടമണിഞ്ഞത്. പിൽക്കാല നായകന്മാർക്ക് പരവതാനി വിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ നാലാം ഫൈനലിനാണ് സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ശനിയാഴ്ച ഇന്ത്യ ഇറങ്ങുന്നത്.
കോവിഡ് ബാധിതരായി മൂന്നു മത്സരങ്ങൾ നഷ്ടമായ ക്യാപ്റ്റൻ യഷ് ധൂളും വൈസ് ക്യാപ്റ്റൻ ശൈഖ് റശീദും സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ അത്യുജ്ജ്വലമായി തിരിച്ചുവന്നതാണ് ഇന്ത്യക്ക് ആവേശം പകരുന്നത്.
110 പന്തിൽ 110 റൺസെടുത്ത ധൂളിന് 94 റൺസുമായി ശക്തമായ പിന്തുണയാണ് ശൈഖ് റശീദ് നൽകിയത്. 204 പന്തിൽ നിന്ന് 204 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഈ സഖ്യം കെട്ടിപ്പടുത്തത്. വെറും നാല് പന്തിൽ നിന്ന് 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് ബാനയുടെ മിന്നൽ പിണരും ഇന്ത്യക്ക് കരുത്തായി. ഒരിക്കൽ കൂടി ഈ കൂട്ടുകെട്ട് വിജയിച്ചാൽ ഇന്ത്യൻ കിരീടധാരണം അനായാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.