ന്യൂയോർക്: ഒമ്പതാമത് ട്വന്റി20 ലോകകപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ റൺവേട്ടക്കൊരുങ്ങി താരങ്ങൾ. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയാണ് നിലവിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത ബാറ്റർ. കോഹ്ലി 25 ഇന്നിങ്സുകളിലായി 1141 റൺസ് നേടി. ശ്രീലങ്കയുടെ മഹേല ജയവർധനെയാണ് (1016) രണ്ടാമത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (963) നാലാം സ്ഥാനത്ത്.
ഇതിനകം അഞ്ച് ലോകകപ്പുകൾ കളിച്ചു വിരാട് കോഹ്ലി. 2012, 14, 16, 21, 22 ടൂർണമെന്റുകളിലായി 27 മത്സരങ്ങളിൽ ഇറങ്ങിയാണ് 1141 റൺസ് അടിച്ചത്. 2014ൽ കോഹ്ലി നേടിയ 319 റൺസ് റെക്കോഡാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ജയവർധനെയും വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലും (965) കളംവിട്ടതിനാൽ കോഹ്ലിക്ക് ആകെ ഭീഷണിയുയർത്തുക നാലാം സ്ഥാനക്കാരൻ രോഹിത്താണ്. ഈ ലോകകപ്പിൽ കോഹ്ലി തീർത്തും നിറംമങ്ങുകയും ഇന്ത്യൻ നായകൻ റൺസ് അടിച്ചുകൂട്ടുകയും ചെയ്താൽ മാത്രമേ റെക്കോഡ് തകരൂ. 2007ലെ പ്രഥമ ലോകകപ്പ് മുതൽ എട്ട് എഡിഷനുകളിലും ഇറങ്ങിയ രോഹിത് 39 മത്സരങ്ങൾ കളിച്ചു.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് (144.48) സ്ട്രൈക് റേറ്റിൽ മുന്നിൽ. 27 മത്സരങ്ങളിൽ 799 റൺസും സമ്പാദ്യമായുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡീ വില്ലിയേഴ്സ് (143.40) ആണ് രണ്ടാമൻ. 29 മത്സരങ്ങളിൽ 717 റൺസ് നേടി എ.ബി.ഡീ. ഗെയിലിന്റെത് 142.75ഉം മൂന്നാമൻ ജയവർധനെയുടേത് 134.74ഉം ആണ് സ്ട്രൈക് റേറ്റ്. 131.30 ആണ് കോഹ്ലിയുടേത്. രോഹിത്തിന് 127.88.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.