ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം കൈവരിച്ചത്.
116ാം ടെസ്റ്റ് മത്സരം കളിക്കുന്ന താരം 197 ാമത്തെ ഇന്നിങ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 9000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി.
സച്ചിൻ ടെണ്ടുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്‌കർ (10122) എന്നിവരാണ് വിരാടിന് മുന്നിലുള്ള ഇന്ത്യക്കാർ.
ബംഗൂളുവിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഡക്കിന് പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 70 റൺസെടുത്താണ് പുറത്തായത്. മൂന്നാംദിനം കിവീസിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ്. കോഹ്ലിയെ കൂടാതെ ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52) എന്നിവരാണ് പുറത്തായത്. 70 റൺസുമായി സർഫറാസ് ഖാനാണ് ക്രീസിൽ.
ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായി നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 49 ഓവറിലാണ് ഇന്ത്യ 231 റൺസ് അടിച്ചെടുത്തത്. രോഹിത്തും കോഹ്ലിയും ഓരോ സിക്സറുകൾ വീതം നേടിയപ്പോൾ യുവതാരം സർഫറാസ് ഇതുവരെ മൂന്ന് സിക്സാണ് അടിച്ചെടുത്തത്. കിവീസിനെതിരെ ഇന്ന് മികച്ച പാർട്നർഷിപ് പടുത്തുയർത്താൻ ഇന്ത്യൻ ബാറ്റർമാർക്കായി. ആദ്യ വിക്കറ്റ് വീണത് 72 റൺസിലാണ്. 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിത് വീണെങ്കിലും മൂന്നാം വിക്കറ്റിൽ കോഹ്ലി - സർഫറാസ് സഖ്യം 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വെള്ളിയാഴ്ച എറിഞ്ഞ അവസാന പന്തിൽ കോഹ്ലി പുറത്തായത് ഇന്ത്യക്ക് നിരാശയായി.
രണ്ടാം ഇന്നിങ്സിൽ വീണ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം സ്പിന്നർ അജാസ് പട്ടേലും ഒന്ന് ഗ്ലെൻ ഫിലിപ്സുമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് പിഴുത മാറ്റ് ഹെന്റിക്ക് ഇന്ന് നിരാശയുടെ ദിനമായി. നിലവിൽ ഇന്ത്യ കിവീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 125 റൺസ് പിന്നിലാണ്. മത്സരത്തിന്റെ നാലാം ദിനമായ ശനിയാഴ്ച കൂറ്റൻ സ്കോർ അടിച്ചെടുക്കുകയെന്നതാണ് ഇന്ത്യൻ ബാറ്റർമാരുടെ മുന്നിലെ വെല്ലുവിളി. സർഫറാസ് ഫോമിൽ തുടരുന്നതോടൊപ്പം കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഇറങ്ങാനിരിക്കുന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജയും ആർ. അശ്വിനും കൂടി തിളങ്ങിയാൽ ഇന്ത്യക്ക് വമ്പൻ സ്കോർ പടുത്തുയർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.
അതേസമയം മധ്യനിര താരം രചിൻ രവീന്ദ്രയുടെ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോർ നേടിയത്. 157 പന്തിൽ നാല് സിക്സും 13 ഫോറും സഹിതം 134 റൺസാണ് താരം അടിച്ചെടുത്തത്. ഡെവൺ കോൺവെ (91), ടിം സൗത്തി (65) എന്നിവരുടെ അർധ സെഞ്ച്വറിയും ന്യൂസിലൻഡിന് കരുത്തായി. എട്ടാം വിക്കറ്റിൽ രചിനൊപ്പം സെഞ്ച്വറിക്കൂട്ടുകെട്ട് സൃഷ്ടിക്കാനും സൗത്തിക്ക് കഴിഞ്ഞു. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജദേജയും മൂന്ന് വീതം വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.