ലീഡ്സ്: ലോഡ്സ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിന് ശേഷം ഹെഡിങ്ലിയിലെത്തിയ ഇന്ത്യ തകർന്നടിഞ്ഞു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 40.4 ഓവറിൽ 78 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം പിഴുത ജെയിംസ് ആൻഡേഴ്സണും ക്രെയ്ഗ് ഓവർട്ടണും രണ്ട് വിക്കറ്റ് വീതമെടുത്ത ഒലി റോബിൻസണും സാം കറനുമാണ് ഇന്ത്യയെ കടപുഴക്കിയത്.
രോഹിത് ശർമയും (19) അജിൻക്യ രഹാനെയും (18) മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. ലോഡ്സ് ടെസ്റ്റ് ഇലവനിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഹെഡിങ്ലി ടെസ്റ്റിനിറങ്ങിയത്.
ലോകേഷ് രാഹുൽ (0), ചേതേശ്വർ പുജാര (1), നായകൻ വിരാട് കോഹ്ലി (7) എന്നിവരെ 21 റൺസിനിടെ മടക്കി ജെയിംസ് ആൻഡേഴ്സൺ ഇന്ത്യൻ മുന്നേറ്റത്തിന്‍റെ മുനയൊടിച്ചു. നാലാം വിക്കറ്റിൽ രോഹിതും രഹാനെയും ചേർന്ന് നേടിയ 35 റൺസ് കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ നില ഇതിലും പരിതാപകരമായേനെ.
ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവർ എളുപ്പം മടങ്ങി. പത്താം വിക്കറ്റിൽ ഇശാന്തും സിറാജും ചേർന്ന് നേടിയ 11 റൺസാണ് സ്കോർ 78ൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.