ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100!

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ബംഗ്ലാദേശിനെ 233 റൺസിലൊതുക്കിയ ഇന്ത്യ ട്വന്‍റി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഇന്ത്യൻ ഇന്നിങ്സ് 15 ഓവർ പിന്നിട്ടപ്പോൾ 130 റൺസ് സ്കോർബോർഡിലുണ്ട്. ഋഷഭ് പന്തും ശുഭ്മൻ ഗില്ലുമാണ് ക്രീസിലുള്ളത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യൻ ബാറ്റർമാർ മൂന്ന് ഓവർ ആയപ്പോൾ തന്നെ ടീം സ്കോർ 50 കടത്തിയിരുന്നു. ഓപ്പണർമാരായ യശ്വസ്വി ജയ്സ്വളും രോഹിത് ശർമയുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. മൂന്ന് ഓവർ പിന്നിട്ടപ്പോൾ ടീമിന്‍റെ സ്കോർ 51 റൺസായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗതേയറിയ അർധസെഞ്ച്വറിയാണ് ഇത്.

നാലാം ഓവറിൽ 11 പന്തിൽ മൂന്ന് കൂറ്റൻ സിക്സറടക്കം 23 റൺസ് നേടിയ രോഹിത്തിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ഗില്ലിനെ കൂട്ടുപിടിച്ച് ജയ്സ്വാൾ അറ്റാക്കിങ് തുടർന്നു. 10 ഓവറും ഒരു പന്തും പിന്നിട്ടപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 100 റൺസ് കടന്നിരുന്നു. ബ്രണ്ടൻ മക്കല്ലം-ബെൻ സ്റ്റോക്സ് എന്നിവരുടെ പേരുകേട്ട ഇംഗ്ലണ്ടിന്‍റെ അറ്റാക്കിങ് ക്രിക്കറ്റിന് പോലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും വേഗതയേറിയ ടീം സെഞ്ച്വറിയും ഇതോടെ ഇന്ത്യ സ്വന്തമാക്കി.

വെടിക്കെട്ട് ബാറ്റിങ് നടത്തിയ ജയ്സ്വാൾ 51 പന്തിൽ 72 റൺസ് നേടി. 12 ഫോറും രണ്ട് സിക്സറും അദ്ദേഹത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. 

നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ജസപ്രീത് ബുംറയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കറായത്. മുഹമ്മദ് സിറാജ്, ആർ അശ്വിൻ, ആകാശ് ദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി. കടുവകൾക്കായി മോമിനുൽ ഹഖ് 107 റൺസ് നേടി പുറത്താകാതെ നിന്നു.

Tags:    
News Summary - india attacking mode against bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.