റായ്പുർ: നാലാം ട്വന്റി20 മത്സരത്തിൽ ആസ്ട്രേലിയൻ നിരയിൽ ഗ്ലെൻ മാക്സ് വെൽ കളിക്കാത്തതിന്റെ ആശ്വാസത്തിൽ ഇന്ത്യ വെള്ളിയാഴ്ച ഷഹീദ് വീർ നാരായൺ സ്റ്റേഡിയത്തിൽ ഇറങ്ങും. സ്റ്റീവ് സ്മിത്തും ആദം സാംപയും നാട്ടിലേക്ക് തിരിച്ചെങ്കിലും ബൗളർമാർ ഉണർന്നെഴുന്നേറ്റില്ലെങ്കിൽ ആതിഥേയർക്ക് തിരിച്ചടിയാകും ഫലം. അവസാന രണ്ടോവറിൽ 43 റൺസാണ് മാക്സ് വെല്ലും മാത്യു വെയ്ഡും മൂന്നാം ഏകദിനത്തിൽ അടിച്ചുകൂട്ടിയത്.
പ്രസിദ്ധ് കൃഷ്ണയും അക്സർ പട്ടേലും തീർത്തും നിലവാരമില്ലാതെ പന്തെറിഞ്ഞതാണ് മാക്സ് വെല്ലിന് കാര്യങ്ങൾ എളുപ്പമാക്കിയത്. നാലോവറിൽ 68 റൺസ് വഴങ്ങിയ പ്രസിദ്ധിനെ വെള്ളിയാഴ്ച മാറ്റിനിർത്തിയേക്കും. ഏറക്കാലം പരിക്കായിരുന്ന ദീപക് ചാഹർ ടീമിലെത്തിയിട്ടുണ്ട്. സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ചാഹർ രാജസ്ഥാന് വേണ്ടി നന്നായി പന്തെറിഞ്ഞിരുന്നു. കല്യാണമായതിനാൽ മുകേഷ് കുമാർ വീട്ടിലേക്ക് മടങ്ങിയതിനാലാണ് ചാഹറിന് അവസരം ലഭിച്ചത്. മറ്റൊരു പേസറായ ആവേശ് ഖാനും ആവേശം പോര.
ബാറ്റർമാർക്ക് അടിച്ചുപറത്താൻ പാകത്തിലാണ് ആവേശിന്റെ പന്തേറ്. അർഷദീപിനൊപ്പം ചാഹറിനെ ഇന്ന് പരീക്ഷിക്കാനാണ് സാധ്യത. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെത്തുന്നത് ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്താകും. മാക്സ് വെൽ ഇല്ലെങ്കിലും ടിം ഡേവിഡ്, ജോഷ് ഫിലിപ്പെ, ബെൻ മക്ഡർമോർട്ട്, ട്രവിസ് ഹെഡ് എന്നീ ബിഗ് ഹിറ്റർമാർ ഓസീസിന് വേണ്ടി കളിക്കുന്നുണ്ട്. മുൻ താരം ക്രെയ്ഗ് മക്ഡർമോർട്ടിന്റെ മകനായ ബെൻ ആഭ്യന്തര ലീഗിലെ ശ്രദ്ധേയ താരമാണ്.
ഗുവാഹതിയിലെ പോലെ രാത്രിയിലെ മഞ്ഞിന്റെ ‘ശല്യം’ റായ്പൂരിലുമുണ്ടാകും. ടോസ് നേടുന്നവർ രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. നനവുള്ള പന്ത് ബൗളർമാർക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്. ബാറ്റിങ്ങിൽ യുവതാരങ്ങളുടെ തകർപ്പൻ ഫോമാണ് ഇന്ത്യക്ക് ആശ്വാസം. റിതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ കളിയിൽ 57 പന്തിൽ 123 റൺസ് നേടിയതിന്റെ വമ്പിലാണ് നാലാം മത്സരത്തിനിറങ്ങുന്നത്.
യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, റിങ്കു സിങ്, തിലക് വർമ എന്നിവരും ഫോമിലാണെന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ആശ്വാസമാകും. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ഓസീസ് ജയിച്ചാൽ മറ്റെന്നാൾ ബംഗളൂരുവിലെ അവസാന മത്സരം നിർണായകമാകും. വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരം സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.