വിശാഖപട്ടണം: ഏകദിന ലോകകപ്പ് കിരീടത്തിനരികിൽ കാലിടറി നാലു ദിവസം മാത്രം പിന്നിടവെ ഇന്ത്യ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരക്ക്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ടീമിലുണ്ടായിരുന്ന ബഹുഭൂരിഭാഗം പേർക്കും വിശ്രമം നൽകി പ്രഖ്യാപിച്ച ഇന്ത്യൻ സംഘത്തെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. രാഹുൽ ദ്രാവിഡിന് പകരം പരിശീലകനായി വി.വി.എസ്. ലക്ഷ്മണും.
എന്നാൽ, മാത്യു വെയ്ഡിനു കീഴിലിറങ്ങുന്ന ഓസീസ് ടീമിലെ പകുതിയോളം താരങ്ങൾ ലോകകപ്പ് നിരയിലുണ്ടായിരുന്നവരാണ്. യുവതാരങ്ങൾക്ക് വലിയ പ്രാമുഖ്യം നൽകി ടീമിനെ പ്രഖ്യാപിച്ച ഇന്ത്യൻ സെലക്ടർമാരുടെ ലക്ഷ്യം അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പാണ്. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ തുടങ്ങിയവർ ഒരു വർഷത്തിലധികമായി ട്വന്റി20 ടീമിലില്ല.
30 വയസ്സിനു താഴെയുള്ളവർക്ക് മേധാവിത്വമുള്ള ഇന്ത്യൻ യുവസംഘത്തിൽ പുതുമുഖങ്ങളില്ല. എല്ലാവരും പല ഘട്ടങ്ങളിൽ അന്താരാഷ്ട്ര ജഴ്സിയണിഞ്ഞവരാണ്. സൂര്യക്കു പുറമെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയും ലോകകപ്പ് ടീമിലുണ്ടായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇഷാൻ ഇറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ പരിക്കിനെത്തുടർന്ന് അവസാനഘട്ടത്തിൽ ഇടംലഭിച്ച പ്രസിദ്ധാവട്ടെ ബെഞ്ചിൽ തുടർന്നു. ഫൈനലടക്കം തുടർച്ചയായ ഏഴു കളികളിൽ അവസരം ലഭിച്ചിട്ടും നിരാശജനകമായിരുന്നു സൂര്യയുടെ പ്രകടനം. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ എന്നിവരിൽ രണ്ടുപേർ ഇന്നിങ്സ് ഓപൺ ചെയ്യും.
തിലക് വർമ, റിങ്കു സിങ് തുടങ്ങിയവർ മധ്യനിരയിലുണ്ടാവുമെന്നാണ് സൂചന. പരിക്കിൽനിന്ന് മോചിതനായെത്തിയ ഓൾ റൗണ്ടർ അക്സർ പട്ടേൽ, പേസർ അർഷ്ദീപ് സിങ് തുടങ്ങിയവരുടെ സീറ്റുകളും ഏറക്കുറെ സുരക്ഷിതമാണ്. അവസാന രണ്ടു മത്സരങ്ങൾക്ക് ലോകകപ്പിൽ തിളങ്ങിയ മധ്യനിരക്കാരൻ ശ്രേയസ് അയ്യരുമെത്തും.
ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ട്രാവിസ് ഹെഡ്, സീനിയർ താരം സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ് എന്നീ ബാറ്റർമാരും ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്സ്വെൽ, മാർക്സ് സ്റ്റോയ്നിസ്, സീൻ അബോട്ട്, വിക്കറ്റ് വേട്ടക്കാരൻ സ്പിന്നർ ആഡം സാംപ എന്നിവരും ലോകകപ്പിനുശേഷം ട്വന്റി20 പരമ്പരക്കായി ഇന്ത്യയിൽ തുടരുകയാണ്.
26ന് തിരുവനന്തപുരത്തും 28ന് ഗുവാഹതിയിലും ഡിസംബർ ഒന്നിന് റായ്പുരിലും മൂന്നിന് ബംഗളൂരുവിലുമാണ് മറ്റു മത്സരങ്ങൾ.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.
ആസ്ട്രേലിയ: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൺ ബെഹ്റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നതാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർകസ് സ്റ്റോയ്നിസ്, കെയ്ൻ റിച്ചാർഡ്സൺ, ആഡം സാംപ.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ട്വന്റി 20 മത്സരങ്ങള്‍ കളിച്ചേക്കില്ല. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏകദിന ലോകകപ്പിന് മുമ്പേ രോഹിത് ബി.സി.സി.ഐയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഇനി തന്നെ ട്വന്റി 20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സെലക്ടര്‍മാരെ താരം അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ തുടങ്ങിയവർ ഒരു വർഷത്തിലധികമായി ട്വന്റി20 ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.