മിർപുർ: ചെറിയ സ്കോർ പ്രതിരോധിക്കുന്നതിൽ ബൗളർമാർ ഏറക്കുറെ വിജയിച്ചിട്ടും ആദ്യ കളി അവസാന വിക്കറ്റിൽ കൈവിട്ടുപോയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജയിച്ചേ തീരൂ. ബുധനാഴ്ചത്തെ മത്സരംകൂടി തോറ്റാൽ മൂന്നു കളികളടങ്ങിയ പരമ്പര നഷ്ടമാവും. ന്യൂസിലൻഡ് പര്യടനത്തിൽനിന്ന് വ്യത്യസ്തമായി ഇന്ത്യ ഒന്നാംനിരയെത്തന്നെയാണ് ബംഗ്ലാദേശിലേക്ക് അയച്ചിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശിഖർ ധവാൻ, കെ.എൽ. രാഹുൽ തുടങ്ങിയവരുൾപ്പെട്ട പുകൾപെറ്റ ബാറ്റിങ് സ്ക്വാഡ് പരാജയമായതാണ് തോൽവിക്ക് കാരണം. ഏഴു കൊല്ലം മുമ്പ് ഇന്ത്യ ഒടുവിൽ ബംഗ്ലാദേശിൽ പോയപ്പോൾ പരമ്പര 1-2ന് നഷ്ടമായതിന്റെ ഓർമകളിൽനിന്ന് മോചനം നേടുക കൂടി രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യമാണ്.
70 പന്തിൽ 73 റൺസെടുത്ത രാഹുൽ ഒഴികെ ഒരു ബാറ്റർക്കും ഒന്നാം ഏകദിനത്തിൽ 30 റൺസുപോലും സ്കോർ ചെയ്യാനായില്ല. ഫലം ഇന്ത്യ 186ന് ഓൾ ഔട്ട്. സമീപകാല ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം സ്കോറായിരുന്നു ഇത്. ബൗളർമാർ നൽകിയ തിരിച്ചടി ഇന്ത്യയെ ജയത്തിന്റെ വക്കിലെത്തിച്ചതാണ്. പക്ഷേ, പത്താം വിക്കറ്റിൽ 50ൽ അധികം റൺസ് ചേർത്ത ബംഗ്ലാ കടുവകളുടെ പോരാട്ടവീര്യത്തിനു മുന്നിൽ സന്ദർശകർക്ക് മുട്ടുമടക്കേണ്ടിവന്നു. സീനിയർ ബൗളർമാരുടെ അഭാവത്തിൽ ദീപക് ചാഹർ, മുഹമ്മദ് സിറാജ്, ശർദുൽ ഠാകുർ തുടങ്ങിയവർക്ക് കൂടുതൽ അവസരവും കുൽദീപ് സെന്നിന് അരങ്ങേറ്റവും ലഭിച്ചു. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. രാഹുലിന് വിക്കറ്റ് കീപ്പറുടെ ചുമതല നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.